Kodanchery

പൂർത്തിയാകാതെ കലുങ്ക് നിർമാണം; വാഹന ഗതാഗതം ദുഷ്കരം

കോട‍ഞ്ചേരി: കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാന പാതയിൽ കോടഞ്ചേരി ഗവ. കോളജിന് അടുത്ത് മില്ലുംപടിയിലെ കലുങ്കു നിർമാണം പൂർത്തിയാകാത്തതു മൂലം വാഹന ഗതാഗതം ദുഷ്കരമായി. ആറ് മാസത്തെ കാലാവധിക്കാണു കലുങ്ക് നിർമാണം പൊതുമരാമത്ത് വകുപ്പ് കരാർ നൽകിയത്. കാലാവധി കഴി‍ഞ്ഞിട്ടും പണി പൂർത്തിയാകാത്തതിനാൽ വീണ്ടും കാലാവധി നീട്ടി നൽകിയിട്ടും പണിക്ക് ഇപ്പോഴും ഒച്ചിന്റെ വേഗം മാത്രം. പഴയ റോഡ് നിരപ്പിൽ നിന്നു കലുങ്ക് ഉയർത്തി പണിതതോടെ റോഡിൽ കലുങ്ക് കഴിഞ്ഞുള്ള ഭാഗം മഴയിൽ ചെളിക്കുണ്ടുകളായി മാറി. കലുങ്കിലേക്ക് കയറുന്ന ഭാഗത്ത് രണ്ടറ്റത്തും കുഴികൾ നിറഞ്ഞതോടെ ചെറു വാഹനങ്ങൾ കുഴികളിൽ ചാടി അപകടത്തിൽ പെടുന്നത് പതിവായി.

മഴയിൽ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പുതിയ കലുങ്ക് ഉയർത്തി പണിതത്. മഴയ്ക്ക് മുൻപേ പണിത് തീർക്കേണ്ട പ്രവൃത്തിയാണ് അധികൃതരുടെ അനാസ്ഥയിൽ മുടങ്ങി കിടക്കുന്നത്. മഴ മാറിയാൽ ഉടൻ ടാറിങ് പ്രവൃത്തി ചെയ്യാനുള്ള തയാറെടുപ്പിലാണെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഓട പണിയും പൂർത്തിയാകാനുണ്ട്.റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും കുഴികളടയ്ക്കാനും താൽക്കാലിക നടപടിയെങ്കിലും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിൽ ഉയർന്നു നിൽക്കുന്ന കലുങ്കിനോട് ചേർന്ന ഭാഗങ്ങളിൽ പാറപ്പൊടി ഇട്ട് കുഴികൾ അടയ്ക്കുന്നതിനു പോലും പൊതുമരാമത്ത് നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.വയനാട് ഭാഗത്തേക്കും മർകസ് നോളജ് സിറ്റിയിലേക്കും തുഷാരഗിരി, അരിപ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ദിനം പ്രതി നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന പ്രധാന റോഡാണിത്. തപ്പൊയിൽ-കോടഞ്ചേരി-തിരുവമ്പാടി-അഗസ്ത്യൻമൂഴി റോഡ് നിർമാണം മുടങ്ങി കിടക്കുന്നതിനാൽ കാപ്പാട് -തുഷാരഗിരി സംസ്ഥാന പാതയിലൂടെയാണ് മിക്ക വാഹനങ്ങളും കടന്നു പോകുന്നത്.

Related Articles

Leave a Reply

Back to top button