കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി തുഷാരഗിരി, അരിപ്പാറ മേഖലകളിൽ സഞ്ചാരികളുടെ തിരക്ക്

കോടഞ്ചേരി: സർക്കാർ നിയന്ത്രണ വിനോദസഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ എന്നിവിടങ്ങളിൽനിന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം സന്ദർശനാനുമതി ലഭിക്കാത്ത സഞ്ചാരികൾ കൂട്ടത്തോടെ നാരങ്ങതോട്ടിലേക്ക് എത്തുന്നത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു.
നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം സർക്കാർ അംഗീകൃത വിനോദസഞ്ചാര കേന്ദ്രം അല്ലാത്തതിനാൽ പഞ്ചായത്ത് അധികൃതരോ ആരോഗ്യവകുപ്പ് അധികൃതരോ പോലീസോ ലോക്ക്ഡൗൺ ഇളവുകൾ വന്നതിനുശേഷം കാര്യമായ പരിശോധന നടത്തുന്നില്ല എന്നു നാട്ടുകാർ പരാതിപ്പെടുന്നു.
ഏറ്റവും തിരക്കേറിയ ദിവസങ്ങളായി ശനിയും ഞായറും എങ്കിലും പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വാരാന്ത്യ ദിവസങ്ങളിൽ കൂട്ടത്തോടെ എത്തുന്ന സഞ്ചാരികൾ മാസ്ക് ധരിക്കാതെയും യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതും മൂലം ഗതാഗതക്കുരുക്കും നാട്ടുകാരുമായി വാക്കേറ്റവും ഇവിടെ പതിവാണ്. കൂടാതെ ഭക്ഷണം കഴിച്ചതിനു ശേഷം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളും സമീപത്തെ പറമ്പുകളിലും വീടുകളുടെ മുറ്റത്തും ഉപേക്ഷിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും പോലീസും ശക്തമായ ഇടപെടൽ നടത്തണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.







