India

രാജ്യത്തെ പ്രതിദിന കേസുകള്‍ മൂന്നരലക്ഷം കവിഞ്ഞു;2812 മരണവും

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിനു മുന്നില്‍ പകച്ച് രാജ്യം. രാജ്യത്തെ പ്രതിദിന കേസുകള്‍ മൂന്നരലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2812 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായ അഞ്ചാംദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനിടെ പത്തു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2,19,272 പേര്‍ രോഗമുക്തി നേടി. ഇതോടെ കൊവിഡില്‍നിന്ന് 1,43,04,382 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 1,95,123 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.

1,73,13,163പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 28,13,658 ആണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. 14,19,11,223 പേര്‍ കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തു.

രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്.
ഓക്‌സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും മരണനിരക്ക് ഉയര്‍ത്തുന്നതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരം.

രാജ്യത്തെ പ്രമുഖ ആശുപത്രികളുടേയും വ്യക്തികളുടേയും ആയിരക്കണക്കിന് ജീവന്‍ രക്ഷാ സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി. സൂദി, ഖത്തര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button