കാർഷിക വിപണന കേന്ദ്രത്തിലെത്തിച്ച വിളകൾക്ക് പണം ലഭിക്കുന്നില്ലന്ന് പരാതി

കോഴിക്കോട്-‘സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തും അധ്വാനിച്ചുണ്ടാക്കിയ വിളകളാണ് വിപണനകേന്ദ്രത്തിൽ കൊണ്ടുകൊടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ ഇന്നേവരെ അഞ്ചുപൈസ അതിന്റെ പേരിൽ കിട്ടിയിട്ടില്ല. പത്തേകാൽ ലക്ഷത്തിലധികം രൂപയാണ് ഹോർട്ടികോർപ്പിൽനിന്ന് കിട്ടാനുള്ളത്. സ്വർണം പണയംവെച്ചും ബാങ്ക് വായ്പയെടുത്തുമാണ് ഇപ്പോൾ വളം പോലും വാങ്ങുന്നത്. അധികൃതരോട് പരാതി പറഞ്ഞ് മടുത്തു’’ -കർഷകനായ മഞ്ചേരി പയ്യനാട് പുതുക്കൊള്ളിവീട്ടിൽ അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ. ഹോർട്ടികോർപ്പിന് കീഴിലുള്ള വേങ്ങേരിയിലെ കാർഷിക മൊത്ത വിപണനകേന്ദ്രത്തിൽ വിറ്റ കാർഷികോത്‌പന്നങ്ങൾക്ക് 11 മാസമായി പണം ലഭിക്കാത്ത കർഷകരിലൊരാളാണ് അബ്ദുള്ളക്കുട്ടി.
അബ്ദുള്ളക്കുട്ടിയും പിതൃസഹോദരങ്ങളായ ഷാജിമോൻ, മുഹമ്മദ് ശരീഫ് എന്നിവരും ചേർന്ന് കൃഷിചെയ്തുണ്ടാക്കിയ വിളകൾ വിറ്റ വകയിൽ 10,29,741 രൂപയാണ് കിട്ടാനുള്ളത്. നേന്ത്രപ്പഴം, പൂവൻപഴം, വെള്ളരി, കുമ്പളം, എളവൻ, മത്തൻ, ചേന, പടവലം തുടങ്ങിയവയാണ് ഇവർ വേങ്ങേരിയിലെ കാർഷിക ലേലകേന്ദ്രത്തിൽവെച്ച് ഹോർട്ടികോർപ്പിന് വിറ്റത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 25-ൽപ്പരം കർഷകർക്ക് വേങ്ങേരിയിലെ കേന്ദ്രത്തിൽനിന്ന് മാത്രം ലഭിക്കാനുള്ളത് 42 ലക്ഷത്തോളം രൂപയാണ്.
അയ്യായിരം മുതൽ ലക്ഷങ്ങൾ വരെയാണ് ഓരോരുത്തർക്കും കിട്ടാനുള്ളത്. ഇതുകാരണം വിത്തിറക്കാനോ, വളം വാങ്ങാനോ പോയിട്ട് നിത്യച്ചെലവിനുപോലും മാർഗം കണ്ടെത്താനാവാതെ വലയുകയാണ് കർഷകർ.







