മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം: യോഗം ചേർന്നു.

മുക്കം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് റൂറൽ എസ് പി പങ്കെടുത്തുകൊണ്ട് യോഗം ചേർന്നു. പദ്ധതിക്ക് സംസ്ഥാന സർക്കാർ ആദ്യന്തര വകുപ്പ് 2018-19 സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി 1.97 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ ആർക്കിടെക്ചറൽ പ്ലാനും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കി ആദ്യഘട്ടത്തിന് സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ചെയ്യുകയും ചെയ്തിരുന്നു.
കരാറുകാരൻ എഗ്രിമെൻറ് വെക്കാൻ ചെന്നപ്പോൾ സുപ്രീം കോടതി നിർദ്ദേശപ്രകാരം പുതിയതായി നിർമ്മിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളിൽ താഴെ നിലയിൽ തന്നെ സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർക്ക് പ്രത്യേകം ലോക്കപ്പ് മുറികൾ വേണമെന്ന് പോലീസ് വകുപ്പ് ആവശ്യപ്പെടുകയും അപ്രകാരം ടെൻഡർ റദ്ദാക്കി പ്ലാനിൽ മാറ്റം വരുത്തി ഡി ജി പിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. എന്നാൽ പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികൾ ഒഴിവാക്കുന്നതിനാൽ മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് ഒഴിവാക്കിയതായാണ് ഡി ജി പി അറിയിച്ചത്.
പദ്ധതി പ്രഖ്യാപിച്ചതിനാലും സ്റ്റേഷൻ്റെ ശോച്യാവസ്ഥയും പരിഗണിച്ച് നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിലുൾപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ച് ആദ്യഘട്ടം നിർമ്മാണം നടത്തുന്നതിന് റൂറൽ എസ് പി, പൊതുമരാമത്ത് കെട്ടിട വിഭാഗം എന്നിവരുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു. ഇതിനു പുറമേ ആവശ്യമായി വരുന്ന തുക ആഭ്യന്തര വകുപ്പിൽ നിന്നും അനുവദിക്കാം എന്ന് ഡി ജി പി അറിയിച്ചിട്ടുണ്ട്.
യോഗത്തിൽ റൂറൽ എസ് പി ഡോ. എ ശ്രീനിവാസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ലേഖ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ജയൻ, അസിസ്റ്റന്റ് എൻജിനിയർ ശശി തുടങ്ങിയവരും സംബന്ധിച്ചു.






