Kerala

പ്ലസ്ടു ‘ഫസ്റ്റ് ബെൽ’ ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം. ദിവസവും രണ്ടര മണിക്കൂർ ക്ലാസുകളാണ് പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ലഭ്യമാവുക. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ എത്രത്തോളം മനസിലാക്കിയെന്ന് വിദ്യാർത്ഥികൾക്ക് കൂടി ബോധ്യമാകുംവിധമുള്ള ബ്രിഡ്ജ് ക്ലാസുകളാണ് നൽകുക.

ഓരോ വിഷയങ്ങൾക്കും പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് ഇംഗ്ലീഷും ഒൻപതിന് ഇക്കണോമിക്‌സും 9.30 മുതൽ 10 വരെ ഹിസ്റ്ററിയുമാണ് ഇന്നത്തെ ക്ലാസുകൾ. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ അഞ്ചുമണിക്ക് കെമിസ്ട്രിയും 5.30 മുതൽ 6 വരെ കണക്കുമാണ് വിഷയങ്ങൾ. ഇവയുടെ പുനസംപ്രേക്ഷണം രാത്രി 10 മുതൽ 11 വരെയും ലഭ്യമാണ്. കുട്ടികൾക്ക് മാനസിക സമ്മർദ്ദമുണ്ടാവാതിരിക്കാനുള്ള പ്രത്യേക ക്ലാസുകളും സജ്ജീകരിക്കും. പ്ലേസ്റ്റോറിലെ കൈറ്റ് വിക്ടേഴ്‌സ് എന്ന ആപ്പുവഴിയും കുട്ടികൾക്ക് ക്ലാസുകൾ കാണാവുന്നതാണ്.

അതേസമയം കൈറ്റ് വിക്ടേഴ്‌സിന്റെയും ഫസ്റ്റ്‌ബെൽ ക്ലാസുകളുടെയും പേരുകളിൽ പ്രചരിക്കുന്ന വ്യാജ ചാനലുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കൈറ്റിന്റെ തീരുമാനം.

Related Articles

Leave a Reply

Back to top button