വഴിക്കടവ് പാലം പണി പ്രഖ്യാപനത്തിൽ മാത്രം; 6 മാസമായിട്ടും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല

പുന്നക്കൽ: വഴിക്കടവു പാലം പൊളിച്ചു പണിയുമെന്ന വാഗ്‌ദാനം നാട്ടുകാർ കേട്ടുമടുത്തതാണ്. മിക്ക സംസ്ഥാന ബജറ്റിലും പാലത്തിനു ഫണ്ട് വകയിരുത്തിയെന്ന പ്രഖ്യാപനവും വന്നു. എന്നാൽ, പാലം മാത്രം വന്നില്ല.
ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ജനുവരി 15ന് നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (ആർഐഡിഎഫ്) പദ്ധതിയിൽ പാലത്തിനു 5.53 കോടി രൂപ അനുവദിച്ചു. ഇതിനു ഭരണാനുമതിയും നൽകി. എന്നാൽ, 6 മാസമായിട്ടും സാങ്കേതികാനുമതി (ടിഎസ്) ലഭിച്ചിട്ടില്ല. ഇതു ലഭിച്ച ശേഷം പ്രവൃത്തി ടെൻഡർ ചെയ്താൽ മാത്രമേ നിർമാണം തുടങ്ങാൻ കഴിയൂ. പാലത്തിൽ പേടി കൂടാതെ യാത്ര ചെയ്യാൻ ഇനിയുമെത്ര കാത്തിരിക്കണമെന്നാണു ജനങ്ങളുടെ ചോദ്യം.
കാലപ്പഴക്കത്തിൽ പാലത്തിന്റെ തൂണുകൾ തകർന്നു. പുഴയിലെ കുത്തൊഴുക്കിലും മരങ്ങളും പാറക്കല്ലുകളും ഇടിച്ചും നടുവിലെ തൂണിന്റെ അടിവശത്തെ കോൺക്രീറ്റ് അടർന്നു പോയി. നടുവിലത്തെ തൂണിനു പുറമേ പാലത്തിന്റെ ഇരുവശത്തും സംരക്ഷണ ഭിത്തി കെട്ടിയാണു പാലത്തിന്റെ സ്ലാബ് ഉറപ്പിച്ചത്. ഈ സംരക്ഷണ ഭിത്തി വിണ്ടു കീറി സ്ലാബിനോടു ചേർന്നുള്ള അനുബന്ധ റോഡിൽ വിള്ളൽ വീണു. പാലത്തിന്റെ സ്ലാബിന്റെ വീതി 3.5 മീറ്റർ മാത്രമാണ്– ഇതിലൂടെ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാനേ കഴിയൂ.
ഒരു സൈക്കിളിനു പോലും അരികു നൽകാൻ ഇടമില്ല. വാഹനത്തിന്റെ നിയന്ത്രണം തെറ്റിയാൽ കൈവരി ഇല്ലാത്തതിനാൽ പുഴയിൽ വീഴും. പാലത്തിന്റെ അനുബന്ധ റോഡിൽ വിള്ളൽ വീണപ്പോൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. പിന്നീട്, റോഡിൽ ടാർ ചെയ്തു വിള്ളൽ അടച്ചു. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതു മാത്രം മുടക്കം കൂടാതെ നടക്കുന്നുണ്ട്. പാലത്തിൽ പ്ലാസ്റ്റിക് റിബണും കെട്ടും.
മുൻ എംഎൽഎമാരായ സി.മോയിൻ കുട്ടിയുടെയും ജോർജ് എ. തോമസിന്റെയും കാലത്ത് അനുവദിച്ച ഫണ്ട് വിനിയോഗിച്ചു തിരുവമ്പാടി – പുന്നയ്ക്കൽ റോഡ് 10 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ചെങ്കിലും വഴിക്കടവ് പാലം അതേപടി തുടരുകയാണ്. പുന്നയ്ക്കൽ ഭാഗത്തു നിന്നു മറ്റിടങ്ങളിലേക്കു പുതിയ റോഡുകൾ തുറക്കുകയും ബസ് സർവീസ് ഉൾപ്പെടെ തുടങ്ങുകയും ചെയ്തതോടെ വഴിക്കടവു പാലത്തിലെ തിരക്കേറിയിട്ടുണ്ട്.






