തിരുവമ്പാടി സൂപ്പർ എം.ആർ.എഫ്. പ്ലാന്റ് : ഉപേക്ഷിച്ചനിലയിൽ

തിരുവമ്പാടി : മാലിന്യസംസ്കരണത്തിനായി കോടികൾ ചെലവഴിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടി ഒറ്റപ്പൊയിലിൽ ആരംഭിച്ച സൂപ്പർ എം.ആർ.എഫ്. പ്ലാന്റ് ഉപേക്ഷിച്ചനിലയിൽ. പൊതു മാലിന്യസംസ്‌കരണത്തിനായി ബ്ലോക്കുകൾതോറും മിനി എം.ആർ.എഫ്. പ്ലാന്റ് സ്ഥാപിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് 2016-17 വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് സൂപ്പർ എം.ആർ.എഫ്. പ്ലാന്റ് തുടങ്ങിയത്. തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണനായിരുന്നു പദ്ധതി ഉദ്ഘാടനംചെയ്തത്. കൊടുവള്ളി ബ്ലോക്കിലെ മുഴുവൻ ജൈവ, അജൈവ മാലിന്യവും സംസ്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചത്.
പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റീസൈക്കിളിങ്ങിന് ഉപയോഗിക്കാവുന്ന വിധത്തിൽ കയറ്റി അയക്കുകയും റോഡ് ടാറിങ്ങിന് ഉൾപ്പെടെ ഉപയോഗിക്കുന്നതിനുമായിരുന്നു പദ്ധതി. ഒരുമാസം പ്രവർത്തനം നടന്നെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഏജൻസിയായ നിറവ് പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. പ്ലാന്റിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്, ബെയിലിങ് യന്ത്രം എന്നിവ പ്രവർത്തിക്കാതെ തുരുമ്പെടുത്തു നശിക്കുകയാണ്.
മാലിന്യസംസ്കരണകേന്ദ്രത്തിൽ നാലുവലിയ ജലസംഭരണികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലലഭ്യതയില്ല. മൂന്നു ജലസംഭരണികൾ മഴക്കെടുതിയിൽ തകരുകയുംചെയ്തു. മാലിന്യം സംസ്കരിക്കാനായി കോടികൾ ചെലവഴിച്ച് തുടങ്ങിയ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം അനാഥമായിക്കിടക്കുന്നത്. പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല.







