Mukkam
സംസ്ഥാനപാതയോരത്ത് കക്കൂസ് മാലിന്യം തള്ളി

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മുക്കം നഗരസഭയിലെ വിവിധഭാഗങ്ങളിലായി ഒരുമാസത്തിനിടെ എട്ടുതവണയാണ് കക്കൂസ് മാലിന്യം തള്ളിയത്. അഗസ്ത്യൻമുഴി കാപ്പുമല വളവിലാണ് ഏറ്റവുമൊടുവിൽ കക്കൂസ് മാലിന്യം തള്ളിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
റോഡരികിലെ ഓവുചാലിൽ തള്ളിയ കക്കൂസ് മാലിന്യം, ഒട്ടേറെപ്പേർ ഉപയോഗിക്കുന്ന തോട്ടിലേക്കും ഇതുവഴി ഇരുവഴിഞ്ഞിപ്പുഴയിലേക്കുമാണ് എത്തുന്നത്. തോടിന്റെ സമീപത്തെ കിണറുകളിലേക്ക് മാലിന്യമെത്തിയതായി നാട്ടുകാർ പറയുന്നു.
ദുർഗന്ധം സഹിക്കവയ്യാതെ പ്രദേശവാസികളും യാത്രക്കാരും ദുരിതത്തിലാണ്. കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടാൻ നാട്ടുകാർ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ടെന്നും മുക്കം പോലീസും നഗരസഭയും ശക്തമായ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.







