Karassery

എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അധികൃതർ പരിശോധന നടത്തി

കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അധികൃതർ പരിശോധന നടത്തി പരിഹാരനടപടികൾക്കും തുടക്കം കുറിച്ചു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എൻജിനിയർ, ആർടിഒ, മുക്കം പോലീസ്, റോഡ് നവീകരണപ്രവൃത്തി നടത്തിയ ശ്രീധന്യ കൺസ്ട്രക്‌ഷൻസ് കമ്പനി പ്രതിനിധികൾ എന്നിവരടങ്ങുന്ന സംയുക്തസംഘം സംസ്ഥാനപാതയിലെ പ്രധാന അപകടസ്ഥലമായ ഓടത്തെരുവ് മാടാമ്പുറം വളവുകളിൽ സന്ദർശിച്ച് പരിശോധന നടത്തി.

ഇതിന്റെ ഭാഗമായി ഓടത്തെരുവ് മാടാമ്പുറം ഇറക്കത്തിലെ കൊടുംവളവുകളിൽ വേഗം 30 കിലോമീറ്ററായി നിജപ്പെടുത്തിയതും അപകടമേഖലയെന്ന് ശ്രദ്ധയിൽപ്പെടുത്തുന്നതുമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. വളവുകളിൽ പാർക്കിങ് നിരോധിച്ചുള്ള ബോർഡുകളും സ്ഥാപിച്ചു. സംസ്ഥാനപാതയിൽ അപകടങ്ങൾ പെരുകുന്നതിനുള്ള കാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് റോഡ് നിർമാണത്തിലെ അപാകമാണ്. കൂടാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഡ്രൈവിങ്, അതിവേഗം, അശ്രദ്ധയോടെയും മദ്യപിച്ചുമുള്ള ഡ്രൈവിങ്, പാതയോരത്തെ അനധികൃതകച്ചവടങ്ങൾ, ദൂരേക്ക് കാണാൻകഴിയാത്തവിധമുള്ള വാഹന പാർക്കിങ്ങുകൾ മുതലായവയും കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.

നവീകരിച്ച് ടാറിങ് നടത്തിയ റോഡിൽ ഒട്ടേറെ സ്ഥലത്ത്‌ വാഹനങ്ങൾ ഓടിയ വീൽപ്പാടുകൾ നീളത്തിൽ താഴ്ന്നുപോയി ചാലുകളായ അവസ്ഥയുണ്ട്. വലിയതോതിൽ താഴ്ന്നഭാഗങ്ങളിൽ വീണ്ടും ടാറിങ് നടത്തിയിരുന്നു. ഇങ്ങനെ ആദ്യത്തെ ടാറിങ്ങിനുമുകളിലെ ടാറിങ് വരമ്പുകൾപോലെ ഉയർന്നുനിൽക്കുന്ന അവസ്ഥയുമുണ്ട്. ഇങ്ങനെ ഉയർന്നുനിൽക്കുന്നതും നീളത്തിലുമുള്ള ചാലുകളാണ് അപകടങ്ങളുണ്ടാവാൻ ഒരു കാരണമെന്നാണ് വാഹനമോടിക്കുന്നവർ പറയുന്നത്. ‘എന്റെ നെല്ലിക്കാപ്പറമ്പ്’ സന്നദ്ധസേനാംഗങ്ങളായ മുനീർ, റഷീദ്, അലി, പൊതുപ്രവർത്തകനായ റസീഫ് കണിയാത്ത് തുടങ്ങിയവർ റോഡിലെ അപാകങ്ങൾ ഉദ്യോഗസ്ഥസംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

വളവുകളിലെ കുഴികൾപോലുള്ള അപാകങ്ങൾ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. നേരത്തേ മൂന്നുസ്ഥലത്ത്‌ അപകടങ്ങൾ ഒഴിവാക്കാൻ റംബിൾ സ്ട്രിപ്പ് സ്ഥാപിച്ചിരുന്നു. ഇതുമൂലം ഈ സ്ഥലങ്ങളിൽ അപകടങ്ങൾ കുറഞ്ഞു. ഇതേപോലെ കൂടുതൽ സ്ഥലങ്ങളിൽ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കാനും നടപടിയുണ്ടാവും. നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ അപകടങ്ങൾ വളരെ കുറവാണെന്നും സംസ്ഥാനപാതയിൽ അപകടങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഇതേപോലെ കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നകാര്യം പരിഗണിക്കുമെന്നും സംഘം പറഞ്ഞു. ഇത്തരം നടപടികളുണ്ടായാൽ സംസ്ഥാനപാതയിലെ അപകടങ്ങളും മരണങ്ങളും വലിയതോതിൽ കുറയുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Back to top button