Kerala

തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജലനിരപ്പുയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ തുറക്കും, ചാലക്കുടി പുഴയോര വാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് 40 മുതല്‍ 50 കി.മി. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്കിയിട്ടുണ്ട്. അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു വാള്‍വ് ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോര വാസികള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി. ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ അധിക ജലം ഇപ്പോള്‍ തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. നിലവില്‍ 420.05 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്.

Related Articles

Leave a Reply

Back to top button