Thiruvambady

പൊട്ടിയ പെൻസ്റ്റോക്ക് ഒരു വർഷമായിട്ടും പുനഃസ്ഥാപിച്ചില്ല; ഉറുമി രണ്ടാംഘട്ട ജലവൈദ്യുതപദ്ധതിയിൽ ഈ വർഷവും ഉത്‌പാദനം മുടങ്ങും

തിരുവമ്പാടി : ഉറുമി രണ്ടാംഘട്ട ജലവൈദ്യുതപദ്ധതിയിൽ ഈ വർഷവും ഉത്‌പാദനം മുടങ്ങും. കഴിഞ്ഞവർഷം ജൂലായ് നാലിന് തകർന്ന പെൻസ്റ്റോക്ക് പത്തുമാസം പിന്നിട്ടിട്ടും മാറ്റിസ്ഥാപിച്ചിട്ടില്ല. ടെൻഡർ നടപടികൾ ആരംഭിച്ചതേയുള്ളൂ. സിവിൽ കൺസ്ട്രക്‌ഷൻ വർക്കുകളുടെ ഭാഗമായ പെൻസ്റ്റോക്ക് മാറ്റിസ്ഥാപിക്കൽ പ്രവൃത്തി അനന്തമായി വൈകുകയാണ്. പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ കുടുങ്ങിയും നടപടിക്രമങ്ങൾക്ക് കാലതാമസം നേരിട്ടു. അതേസമയം ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ വർക്കുകൾ നേരത്തേ ആരംഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയിൽ വൈദ്യുതോപാദനം പുനഃസ്ഥാപിക്കണമെങ്കിൽ 197 മീറ്റർ ദൈർഘ്യത്തിൽ പെൻസ്റ്റോക്ക് പൈപ്പ് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി കോടികൾ ചെലവുവരും. കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ (ജനറേഷൻ സർക്കിൾ), ട്രാൻസ്‌മിഷൻ സബ് ഡിവിഷൻ അസി. എക്‌സക്യുട്ടീവ് എൻജിനിയർ, ജനറേഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ തുടങ്ങിയവരടങ്ങിയ വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഒരിടത്തുമാത്രമാണ് പെൻസ്റ്റോക്ക് പൊട്ടിയതെങ്കിലും മുഴുവൻഭാഗവും മാറ്റേണ്ടിവരുന്നത് വൻ സാമ്പത്തികബാധ്യതയാണ്.

പൈപ്പ് പൊട്ടാനുള്ള കാരണം കാലപ്പഴക്കമാണെന്നാണ് സൂചന. പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസ്, ഓഫീസ് റും, കൺട്രോൾ റൂം, മിഷ്യൻ ഫ്‌ളോർ എന്നിവിടങ്ങളിൽ വെള്ളം ഇരച്ചുകയറിയിരുന്നു. വൈദ്യുതോത്‌പാദനം നടന്നുകൊണ്ടിരിക്കെയാണിത്. ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്ന് യന്ത്രങ്ങൾ തകരാറിലായി. ഓഫീസ് ഫയലുകൾ നല്ലപങ്കും ഉപയോഗശൂന്യമായി. ഉടൻ ജീവനക്കാർ ഷട്ടർ അടച്ചതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. ഡാമിൽ തടഞ്ഞുനിർത്തുന്ന വെള്ളം കനാൽവഴിയാണ് ട്രാഷ് റാക്കിലെത്തുന്നത്. ഈ സംഭരണിയിലെ പെൻസ്റ്റോക്കാണ് പൊട്ടിയത്. പവർ ഹൗസിന് തൊട്ടരികിലെ പെൻസ്റ്റോക്കാണ് അടർന്നുപോയത്. ഇതോടെ രണ്ടു പദ്ധതികളിലെയും വൈദ്യുതോപാദനം നിലച്ചിരുന്നെങ്കിലും ഒന്നാംഘട്ട പദ്ധതിയിൽ വൈദ്യുതോത്‌പാദനം നേരത്തേ പുനഃസ്ഥാപിച്ചിരുന്നു. തകരാറിലായ യന്ത്രങ്ങൾ നന്നാക്കിയിട്ടുണ്ട്.

ചൈനീസ് സാങ്കേതികസഹായത്തോടെ 23 വർഷംമുമ്പാണ് പൊയിലിങ്ങാപ്പുഴയിൽ പദ്ധതികൾ ആരംഭിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒന്നാംഘട്ടത്തിൽ 3.75 മെഗാവാട്ടും തിരുവമ്പാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന രണ്ടാം ഘട്ടത്തിൽ 2.4 മെഗാവാട്ടും വൈദ്യുതിയാണ് ഉത്‌പാദിപ്പിക്കുന്നത്. മലയോരത്തെ വനമേഖലയിൽ നേരത്തേ നല്ല മഴ ലഭിച്ചതിനാൽ ഏതാനും വർഷങ്ങളായി മേയിൽത്തന്നെ ഉത്‌പാദനം തുടങ്ങാൻ സാധിച്ചിരുന്നു. ഒന്നാംഘട്ട പദ്ധതിയിൽ പതിവുപോലെ നേരത്തേ ഉത്‌പാദനം തുടങ്ങാനുള്ള നടപടികൾ നടന്നുവരുന്നു.

Related Articles

Leave a Reply

Back to top button