India

നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഡല്‍ഹി പട്യാല കോടതി മരണവാറന്റ് സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് സ്റ്റേ. ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതിയാണ് വാറന്റ് സ്റ്റേ ചെയ്തത്. ഇതനുസരിച്ച് പ്രതികളുടെ വധശിക്ഷ നാളെ ഉണ്ടാവില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നതായും കോടതി അറിയിച്ചു.

ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും രാഷ്ട്രപതി അക്കാര്യത്തില്‍ തീരുമാനം എടുക്കാനിരിക്കുന്ന സാഹചര്യത്തില്‍ നാളെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ പവന്‍ ഗുപ്ത കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. നാളെ രാവിലെ ആറിന് വധശിക്ഷ നടപ്പാക്കാനിരിക്കെ ഇന്നുച്ചയ്ക്കാണ് പവന്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിച്ചത്.

അതെസമയം പവന്‍ഗുപ്തയുടെ ദയാഹര്‍ജി വൈകീട്ടോടെ രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍ ദയാഹര്‍ജി തള്ളിയാല്‍, 14 ദിവസം കഴിഞ്ഞതിന് ശേഷമേ വധശിക്ഷ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി കോടതി നാലാമത്തെ മരണവാറണ്ടും സ്റ്റേ ചെയ്തത്. പുതിയ മരണവാറണ്ട് രണ്ട് ദിവസത്തിനകം ഇറക്കും എന്ന് കോടതി വ്യക്തമാക്കി.

വധശിക്ഷയ്‌ക്കെതിരെ നേരത്തെ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തെ പലതവണ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നു റദ്ദാക്കിയിരുന്നു.

അതെസമയം പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജിയും തളളിയതോടെ നിര്‍ഭയ കേസിലെ നാല് കുറ്റവാളികള്‍ക്ക് മുന്നിലെ നിയമവഴികളെല്ലാം അവസാനിച്ചു. ഇനി ഡല്‍ഹി കോടതി നിശ്ചയിക്കുന്ന ദിവസം തന്നെ വധശിക്ഷ നടപ്പാക്കാനാകും.

Related Articles

Leave a Reply

Back to top button