തിരുവമ്പാടി ടൗണിൽ പൊടിശല്യം രൂക്ഷം; നാഥിൻ്റ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടിയിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടർന്ന് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും നാളെ തന്നെ റോഡ് നനച്ച് പൊടിശല്യം കുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി പ്രവർത്തകർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് ഇന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും, മെമ്പർമാരുടെയും, വ്യാപാരികളുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ യോഗം നടക്കുകയും യോഗത്തിൽ പങ്കെടുത്ത കരാർ കമ്പനിയുടെ ഉദ്യോഗസ്ഥൻ ധിക്കാരപരമായി സംസാരിക്കുകയും യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കരാറുകാരുടെ ധിക്കാരപരമായ നടപടിയെ തുടർന്ന് പൊടിശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതരും പൊലീസിന് നിർദ്ദേശം നൽകി.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് യു സി അജ്മ്മലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന റോഡ് ഉപരോധം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബോസ് ജേക്കബ് ഉദ്ഘാടനം ചെയതു. ജിതിൻ പല്ലാട്ട്, സുബിൻ തയ്യിൽ, അർജുൻ ബോസ്, അമൽ നെടുങ്കല്ലേൽ, ലിബിൻ അമ്പാട്ട്, സലീം സുൽത്താൻ, അബിൻ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.







