ഇരുവഞ്ഞിപ്പുഴയിലെ നീർനായ ആക്രമണം: പരിഹാരം തേടി ആക്ഷൻ കൗൺസിൽ

മുക്കം : ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന നീർനായ ആക്രമണത്തിനെതിരേ ആക്ഷൻ കൗൺസിൽ രംഗത്ത്. ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ടി. ബാബുവിന്റെ അധ്യക്ഷതയിൽ മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജനങ്ങളെ പുഴയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള മാർഗങ്ങളും നീർനായയുടെ ആക്രമണത്തിന് ഇരയായവർക്ക് സാധ്യമാകുന്ന സാമ്പത്തികസഹായം നേടിയെടുക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ചചെയ്തു.
പൊതുജനങ്ങൾക്ക് കുളിക്കടവുകളിൽനിന്ന് നിർഭയമായി കുളിക്കുന്നതിന് സ്റ്റീൽ ഫെൻസിങ് (നെറ്റ്) സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരിട്ട് ഫെൻസിങ് സ്ഥാപിക്കുന്നതിന് ജലസേചനവകുപ്പിൽ നിന്ന് അനുവാദം തേടുന്നതിനും സംസ്ഥാന സർക്കാരിന്റെ ശുചിത്വമിഷൻ ഫണ്ട് കുളിക്കടവുകളിൽ ഉപയോഗിക്കാനും യോഗത്തിൽ ധാരണയായി.
വനംവകുപ്പിന്റെ പരമാവധി സഹായങ്ങൾ വിഷയത്തിൽ നേടിയെടുക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടുത്തമാസം മുക്കത്ത് നടക്കുന്ന നവകേരളസദസ്സിൽ വിഷയം അവതരിപ്പിക്കാനും ഇരുവഞ്ഞിപ്പുഴയിലെ വിവിധ കുളിക്കടവുകളിൽ നെറ്റ് സ്ഥാപിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ആക്ഷൻ കൗൺസിൽ കൺവീനർ എം.ടി. റിയാസ്, നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കൗൺസിലർമാരായ ജോഷില, എം.വി. രജനി, എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ഭാരവാഹികളായ പി.കെ.സി. മുഹമ്മദ്, കെ.ടി. നാസർ എറക്കോടൻ, പി.കെ. ഫൈസൽ, സലാം കാരമൂല, നടുക്കണ്ടി അബൂബക്കർ, ടി.കെ. അബ്ദുറഹ്മാൻ ചേന്ദമംഗലൂർ, കെ.സി. നജ്മുൽ ഹുദ, ഇ. കുഞ്ഞോയി എന്നിവർ സംസാരിച്ചു.







