ഇന്ന് കൊടിയിറക്കം ആവേശക്കാഴ്ചകളില്ലാതെ

കോഴിക്കോട് : ബൈക്ക് റാലികൾ നിരോധിച്ചതോടെ ഇരുചക്രവാഹനങ്ങൾ ഇരമ്പിപ്പാഞ്ഞുള്ള കാഴ്ചകളില്ലാതെ പ്രചാരണംഇന്ന് കൊടിയിറങ്ങും. പതിവ് കൊട്ടിക്കലാശത്തിനും വിലക്കുള്ളതിനാൽ ഒരു കേന്ദ്രത്തിൽ എല്ലാമുന്നണികളും ഒരുമിച്ചുള്ള ആവേശപ്രകടനങ്ങളുമുണ്ടാവില്ല. പകരം റോഡ്‌ഷോ നടത്താനാണ് മുന്നണികളുടെ തീരുമാനം. റോഡ്‌ഷോയായി സ്ഥാനാർഥികൾ എവിടെയാണോ എത്തുന്നത് അവിടെ പ്രചാരണമവസാനിക്കും. കൊട്ടിക്കലാശം വിലക്കിയെങ്കിലും പ്രവർത്തകരുടെ ആവേശം ചോരാത്ത രീതിയിലുള്ള സമാപനത്തിനാണ് ഒരുക്കങ്ങൾ നടത്തുന്നത്. ഇരുചക്രവാഹനങ്ങൾ വിലക്കുന്നതിനാൽ കാൽനടയായി പ്രവർത്തകർ നഗരത്തിൽ നടക്കുന്ന എൽ.ഡി.എഫിന്റെ റോഡ്‌ഷോയ്ക്ക് പിന്നിൽ അണിനിരക്കുമെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ. പറഞ്ഞു. നിയന്ത്രണം ആവേശംകെടുത്താതിരിക്കാൻ ശനിയാഴ്ച നടന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രന്റെ റോഡ്ഷോയിൽ പന്തംകൊളുത്തിയാണ് സ്ത്രീകളടക്കമുള്ള പ്രവർത്തകർ അണിനിരന്നത്. കൊട്ടിക്കലാശത്തിനുള്ള പണം മണ്ഡലത്തിലെ നിർധനർക്ക് നൽകുമെന്നാണ് എലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി സുൾഫിക്കർ മയൂരി പ്രഖ്യാപിച്ചത്.
കൊട്ടിക്കലാശം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയെങ്കിലും ഏത് രീതിയിൽ പ്രചാരണമവസാനിപ്പിക്കാമെന്ന് മാർഗനിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ബി.ജെ.പി. മേഖലാ ജനറൽ സെക്രട്ടറി ജി. ജിജേന്ദ്രൻ പറഞ്ഞു. എങ്കിലും നിയന്ത്രണങ്ങൾ പാലിച്ച് ആവേശം ചോരാതെ പര്യടനങ്ങളവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വടകരയിൽ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തോടെ നേതാക്കൾ പങ്കെടുത്തുകൊണ്ടുള്ള എൽ.ഡി.എഫിന്റെ പ്രചാരണമവസാനിച്ചു.
അമിത്ഷായുടെ റോഡ്‌ഷോയോടെ ജില്ലയിൽ എൻ.ഡി.എയുടെ ദേശീയ നേതാക്കളുടെ പ്രചാരണം ശനിയാഴ്ച കഴിഞ്ഞെങ്കിലും യു.ഡി.എഫ്. പ്രവർത്തകർക്ക് ആവേശംപകരാൻ രാഹുൽഗാന്ധിയെത്തുന്നുണ്ട്. കോഴിക്കോട് നോർത്തിലെയും സൗത്തിലെയും സ്ഥാനാർഥികൾക്ക് വേണ്ടിയാണ് രാഹുൽഗാന്ധിയുടെ റോഡ്‌ഷോ.
പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കുമെന്നതിനാൽ അവസാനഘട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. റോഡ്ഷോയും കുടുംബ സംഗമങ്ങളുമൊക്കെയായി ശനിയാഴ്ച രാത്രിയും സ്ഥാനാർഥികൾ എല്ലായിടത്തും സജീവമായിരുന്നു. കോളനികളിലും മറ്റും ഒരിക്കൽകൂടെ വോട്ടുതേടിയെത്തി.






