യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടുകോടിയുടെ സ്വർണാഭരണങ്ങൾ കവർന്നു

കോഴിക്കോട്: സ്വർണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടുകോടി രൂപയുടെ ആഭരണങ്ങളുമായി രണ്ടുപേർ കടന്നു.
രാജസ്ഥാൻ പാലിയിൽ ഗച്ചിയോക്കാവാസ് ഹൗസിൽ ജിതേന്ദർസിങ് എന്ന ജിത്തുസിങ്ങി(27)നാണ് പരിക്കേറ്റത്. യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇയാൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണവും കവർച്ചയും. ഹെൽമെറ്റും മാസ്കും ധരിച്ചുവന്ന ഒരാളാണ് ചാലപ്പുറം പുഷ്പ ജങ്‌ഷനിൽ ഹൈലൈറ്റ് എമിനന്റ് അപ്പാർട്ട്‌മെന്റ് ഫ്ളാറ്റിലെത്തി നാലുകിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്നത്. സ്വർണ മൊത്ത വ്യാപാരി ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി ജിത്തുരാജുവിന്റെയും ഫ്ളാറ്റ് ഉടമയായ അമിത്ത്കുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ രാജ്‌കുമാർ ജെയിനിന്റെയും പങ്കാളിത്തത്തിൽ നടത്തിവരുന്ന സ്വർണവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ് കുത്തേറ്റത്.
രാത്രി ജിത്തുസിങ്ങിനൊപ്പമുണ്ടായിരുന്ന താമസക്കാരനും ഒരേ സ്ഥാപനത്തിലെ ജീവനക്കാരനുമായ ജിതേന്ദ്രസിങ് 8.30-ന് ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോഴാണ് ആക്രമണം. ജീവനക്കാർ നിർമ്മിക്കുന്ന ആഭരണങ്ങൾ വിവിധ ജ്വല്ലറികളിൽ ഇവർ തന്നെ എത്തിക്കുകയാണ് പതിവ്. കോഴിക്കോട് കേന്ദ്രീകരിച്ച് 15 വർഷമായി ആഭരണ വിൽപ്പന നടത്തുന്ന സ്ഥാപനമാണിത്.
ഏട്ടുവർഷമായി ഇതേ സ്ഥാപനത്തിൽ ജീവനക്കാരനും കഴിഞ്ഞ വർഷം ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്ത ആളെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയുമാണ് സംശയിക്കുന്നത്. ഫ്ളാറ്റിനുള്ളിലേക്ക് ഒരാൾ മാത്രമാണ് കയറിയത്. മോട്ടോർ സൈക്കിളിൽ കടന്നുകളഞ്ഞെന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, സി.സി.ടി.വി., മൊബൈൽ ഫോണുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ടൗൺ അസിസ്റ്റന്റ് കമ്മിഷണർ എ.വി. ജോൺ, കസബ ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ, എസ്.ഐ. ബി.എസ്. ബാബിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല







