India

രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇല്ല; മൈക്രോ കണ്ടോന്‍മെന്റ് സോണുകള്‍ മതിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംഘട്ട വ്യാപനം കുതിച്ചുയരുന്നതിനിടെ ഇനിയൊരു രാജ്യവ്യാപക ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കൂടുതലുള്ള പ്രദേശങ്ങളെ മൈക്രോ കണ്ടോന്‍മെന്റ് സോണുകളായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ കടുപ്പിക്കാം. കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഇനിയും രാജ്യവ്യാപകമായി അടച്ചിടല്‍ പരിഹാരമല്ല. അത് രാജ്യത്തിന് താങ്ങാനാവാത്ത സാമ്പത്തിക നനഷ്ടം വരുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ സ്ഥിരീകരിച്ച ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സ് യോഗ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒരിക്കല്‍ കൂടി വ്യാപകമായി അടച്ചിടുന്നതിനെ യോഗത്തില്‍ ഒരു സംസ്ഥാനവും പിന്തുണച്ചില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളെ മാത്രം അടച്ചിട്ട് അവിടെ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് യോഗത്തില്‍ തീരുമാനമുണ്ടായി. കൊവിഡ് വിഷയത്തില്‍ ഏതുവിധത്തിലുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കേണ്ടതെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യോഗത്തില്‍ ധാരണയായി.

ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള നാലുദിവസങ്ങള്‍ വാക്‌സിന്‍ ഉത്സവദിനമായി ആചരിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അന്നേ ദിവസങ്ങളില്‍ 45ന് മുകളില്‍ പ്രായമുള്ള എല്ലാവരെയും വാക്‌സിന്‍ എടുപ്പിക്കണമെന്നും ഒരു ഡോസ് പോലും നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനിന്നു. കുറച്ച്‌ തിരക്കുള്ളതിനാല്‍ പങ്കെടുക്കില്ലെന്ന് മമത നേരത്തെ അറിയിച്ചിരുന്നു. അവര്‍ക്ക് പകരം ചീഫ് സെക്രട്ടറിയാണ് പങ്കെടുത്തത്.

Related Articles

Leave a Reply

Back to top button