Kerala

സംസ്ഥാനത്ത് കൊവിഡ് കുത്തനെ കൂടിയ സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്നത് വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ കുത്തനെ കൂടിയ സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്നത് വൈകും. തീവണ്ടികളിൽ പൊതുവേ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പാസഞ്ചർ ട്രെയിനുകൾ വീണ്ടും ഇപ്പോൾ തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ആർ മുകുന്ദ് വ്യക്തമാക്കി. എന്നാൽ അന്തർസംസ്ഥാന തീവണ്ടികൾ ഓടും. ഇപ്പോൾ ഓടുന്ന വണ്ടികളെല്ലാം സർവീസ് തുടരും. മെമു സർവീസും തുടരുമെന്നും റെയിൽവേ അറിയിക്കുന്നു. യാത്രയ്ക്കിടെ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശനനടപടിയെടുക്കാനാണ് തീരുമാനം. 

പ്ലാറ്റ്ഫോമുകളിൽ തിരക്ക് പൊതുവേ കൂടുന്നുണ്ടെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകുന്നുണ്ട്. അത് നിയന്ത്രിക്കുന്നുണ്ട്. സന്ദർശകരടക്കം പ്ലാറ്റ്‍ഫോമുകളിലേക്ക് വരുന്നത് കാര്യമായി നിയന്ത്രിക്കുന്നു. മുൻകരുതൽ ശക്തമായി മുന്നോട്ട് പോകുന്നുണ്ട്. കൂടുതൽ ജീവനക്കാർക്ക് വാക്സീൻ എടുക്കാനുള്ള നടപടികൾ തുടങ്ങി. 

നിലവിൽ ഓടുന്ന ഒരു തീവണ്ടികളിലും സീറ്റുകളുടെ എണ്ണം കുറയ്ക്കില്ലെന്ന് റെയിൽവേ പറയുന്നു. മുഴുവൻ സീറ്റുകളിലും ആളുകളെ എടുപ്പിക്കും. പക്ഷേ നിയന്ത്രണം കടുപ്പിയ്ക്കും. അന്തർസംസ്ഥാനതീവണ്ടികൾ വരുന്നതിനോ പോകുന്നതിനോ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. മെമു സർവീസുകളും ഉടൻ നിർത്താനുദ്ദേശിക്കുന്നില്ലെന്നും റെയിൽവേ ഡിവിഷണൽ മാനേജർ ആർ മുകുന്ദ് അറിയിച്ചു. 

ലോക്ക്ഡൗൺ പേടിച്ച് ഇതരസംസ്ഥാനത്തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങാൻ തിരക്ക് കൂട്ടിയെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ പറയുന്നു. അവരെ സമാധാനിപ്പിച്ച് പലയിടത്ത് നിന്നും തിരിച്ചയക്കുകയാണ് ഉണ്ടായത്. ടിക്കറ്റ് ബുക്കിംഗിലും നല്ല വർദ്ധനയുണ്ടായിട്ടുണ്ട്. നാട്ടിലേക്ക് ആളുകൾക്ക് മടങ്ങണമെങ്കിൽ ഒരു ആശങ്കയും വേണ്ടെന്നും, എല്ലാം സുഗമമായി തുടരുമെന്നും റെയിൽവേ പറയുന്നു. 

പുതിയ ഒരു നിയന്ത്രണവും ഇല്ലെന്നും, ആർക്കും പരിഭ്രാന്തി വേണ്ടെന്നും റെയിൽവേ വ്യക്തമാക്കുന്നുണ്ട്. രാജ്യവ്യാപകലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പേ ആദ്യം നിർത്തിവച്ചത് തീവണ്ടി സർവീസുകളാണ്. ഇപ്പോൾ രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ നിയന്ത്രണങ്ങളോടെ മുന്നോട്ട് പോകാനാണ് റെയിൽവേയുടെ തീരുമാനം

Related Articles

Leave a Reply

Back to top button