Kerala

വയനാട്ടിൽ വീണ്ടും മൃഗവേട്ട; അഞ്ചു പേർ അറസ്റ്റിൽ

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മൃഗവേട്ടയില്‍ അറസ്റ്റ്. കേണിച്ചിറ അതിരാറ്റുകുന്നില്‍ പുള്ളിമാനിനെ വേട്ടയാടിയെന്ന കേസില്‍ അഞ്ചുപേരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. അതിരാറ്റുകുന്ന് കേളമംഗലം സ്വദേശികളായ എം.സി. ഷാജി (51), എം.ജെ. ഷിബു (48), ഒ.കെ. ഷാജന്‍ (53), കെ.ബി. രതീഷ്, എം.സി. ഷിജു (46), എന്നിവരെയാണ് ഇരുളം ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ട്. കേണിച്ചിറ, കൂളിവയല്‍, നടവയല്‍ പ്രദേശങ്ങളിലുള്ള ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്. കേളമംഗലം വനത്തിലാണ് മാനിനായി കെണിയൊരുക്കിയത്. ഇറച്ചിവില്‍പ്പനക്ക് പ്രതികള്‍ ശ്രമിച്ചതായി വനംവകുപ്പിന് വിവരം ലഭിക്കുകയായിരുന്നു.

തെളിവെടുപ്പിനിടെ മാനിന്റെ ജഡാവിഷ്ടങ്ങള്‍ പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തു. വനത്തില്‍ അതിക്രമിച്ച് പ്രവേശിച്ചതിനും വന്യജീവി സംരക്ഷണ നിയമപ്രകാരവും പ്രതികളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഷാജിയുടെ വീട്ടില്‍ നിന്നും പാകം ചെയ്ത നിലയില്‍ രണ്ട് കിലോയോളം മാനിറച്ചി ഉദ്യോഗസ്ഥര്‍ കണ്ടെത്തിരുന്നു. ഇതാണ് മറ്റു പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. കെണിയിലകപ്പെട്ട മാനിനെ അവിടെ വെച്ച് തന്നെ കൊന്നതിന് ശേഷം വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

Related Articles

Leave a Reply

Back to top button