Thiruvambady

സമ്പൂർണ അടച്ചുപൂട്ടൽ ദിവസങ്ങളിലും മലയോര വിനോദസഞ്ചാര മേഖലകളിൽ ടൂറിസ്റ്റുകളുടെ ഒഴുക്ക്

തിരുവമ്പാടി: സമ്പൂർണ അടച്ചുപൂട്ടൽ ദിവസങ്ങളിലും മലയോരമേഖലയിലെ വിനോദസഞ്ചാരമേഖലകളിൽ ടൂറിസ്റ്റുകളുടെ ഒഴുക്ക്. ശനി, ഞായർ ദിവസങ്ങളിലാണ് കക്കാടംപൊയിൽ, പതങ്കയം, അരിപ്പാറ, ഉറുമി എന്നിവിടങ്ങളിലേക്ക് വിദൂരങ്ങളിൽനിന്നടക്കം ആളുകളെത്തുന്നത്. കാറുകളിലും ബൈക്കുകളിലുമായാണ് ആളുകളെത്തുന്നത്. ഏതാനുംദിവസങ്ങളായി മഴ മാറിനിന്നതും ടൂറിസ്റ്റുകളുടെ എണ്ണം പെരുകാനിടയാക്കി.

ഇതോടെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നു എന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസും സെക്ടറൽ മജിസ്‌ട്രേട്ടും നടത്തിയ പരിശോധനയിൽ നിരവധി പേർക്കെതിരെ കേസെടുത്തു. പിഴ ചുമത്തി. തിരുവമ്പാടി പഞ്ചായത്തിൽ ഇപ്പോഴും നൂറോളംപേർ കോവിഡ് രോഗികളായി ഉണ്ട്. അന്യനാടുകളിൽനിന്നും ആളുകളെത്തുന്നത് രോഗവ്യാപനസാധ്യത വർധിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു.

ആരോഗ്യപ്രവർത്തകരുടേയും പോലീസിന്റേയും ജനപ്രതിനിധികളുടേയും ആർ.ആർ.ടി. മാരുടേയും ജാഗരുക പ്രവർത്തനംകൊണ്ടാണ് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് ടി.പി.ആറിൽ താഴെയെത്തിയത്. വിനോദസഞ്ചാരികളുടെ ഒഴുക്ക് വെല്ലുവിളിയായിരിക്കയാണെന്ന് അധികൃതർ പറയുന്നു.

സമ്പൂർണ ലോക്ഡൗണിന്റെ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ അറിയിച്ചു

Related Articles

Leave a Reply

Back to top button