Kerala

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഇല്ല

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ആർ ടി ശുപാർശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ ആർ ടി വ്യക്തമാക്കിയിരുന്നത് മുൻകാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ വിരുദ്ധ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.

കോവിഡ് സാഹചര്യത്തിൽ പരീക്ഷകൾ ഉദാരമായാണ് നടത്തിയത്. ഇത്തവണ ചോദ്യപേപ്പറിൽ കൂടുതൽ ചോയ്സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് അഭിപ്രായങ്ങൾ കൈമാറിയിരുന്നു. പരീക്ഷകൾ ഉദാരമായി നടത്തിയതിനാൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. ഈമാസം ഏഴിന് ആരംഭിച്ച എസ്എസ്എൽസി മൂല്യനിർണയത്തിൽ 70 ക്യാമ്പുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്. നിലവിൽ ടാബുലേഷനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ടാബുലേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കങ്ങളും സർക്കാർ സജീവമാക്കിയിട്ടുണ്ട്. ടാബുലേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അടുത്തമാസം പകുതിയോടെ എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.

Related Articles

Leave a Reply

Back to top button