Kerala

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിൽ കൊണ്ട് പോകാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ സംസ്കാര പ്രോട്ടോക്കോളിന് മാറ്റം വരുത്താൻ തീരുമാനം. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ട് പോകാൻ അനുമതി നൽകും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുമണിക്കൂറിൽ താഴെ വീട്ടിൽ വയ്ക്കാം. ചുരുങ്ങിയ രീതിയിൽ മതാചാരം നടത്താനും അനുമതി നൽകും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ വായ്പയിൽ ജപ്തി നടപടികൾ നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. ഉറ്റവർ മരിക്കുമ്പോൾ മൃതശരീരം ബന്ധുക്കൾക്ക് അടുത്തു കാണാൻ സാധിക്കാത്തത് പ്രശ്നമാണ്. പരിമിത മതാചാരം നടത്താനും ബന്ധുക്കൾക്കു കാണാനും സർക്കാർ അവസരം ഒരുക്കും. കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാനും തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളായിരിക്കും എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ടിപിആർ 6-12 ശതമാനമുള്ള പ്രദേശങ്ങള്‍ ബി, 12-18 ശതമാനമുള്ള പ്രദേശങ്ങള്‍ സി, 18ന് മുകളിലുള്ളത് ഡി എന്നിങ്ങനെയാക്കി നിശ്ചയിക്കും. എ വിഭാഗത്തില്‍ 165 പ്രദേശങ്ങളാണുള്ളത്. ബി-473, സി- 318, ഡി- 80 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുടെ കണക്ക്.

Related Articles

Leave a Reply

Back to top button