Kerala

കേരളത്തിൽ ഇപ്പോൾ ‘മൺസൂൺ ബ്രേക്ക്‌ കണ്ടിഷൻ’-ജൂലൈ പകുതിയോടെ ശക്തമായ മഴ

തിരുവനന്തപുരം∙ മൺസൂൺ കുറഞ്ഞതിനു പിന്നിൽ ‘മൺസൂൺ ബ്രേക്ക്‌ കണ്ടിഷൻ’. മൺസൂൺ ആരംഭിച്ചശേഷം മഴ പെട്ടെന്നു ലഭിക്കാതാകുന്നതിനെയാണ് മൺസൂൺ ബ്രേക്ക് കണ്ടിഷൻ എന്നു പറയുന്നത്. മൺസൂൺ ആരംഭിച്ച് ദിവസങ്ങൾക്കുശേഷം മഴ നിൽക്കുന്നതും പിന്നീട് ദിവസങ്ങൾക്കുശേഷം മഴ വീണ്ടും ആരംഭിക്കുന്നതും സാധാരണയാണ്. ബ്രേക്ക് കണ്ടിഷൻ ചൊവ്വാഴ്ച ആരംഭിച്ചു. 

കേരളത്തിൽ‌ മഴ കുറഞ്ഞെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കും. മേഘാലയയിലും ബിഹാറിലുമെല്ലാം ശക്തമായ മഴ ലഭിക്കുമെന്നു കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കേരളത്തിൽനിന്നു പോയ മഴ തിരികെയെത്താൻ അടുത്ത മാസം 7–ാം തീയതിയെങ്കിലുമാകുമെന്നാണ് പ്രവചനം. ജൂലൈ പകുതിയോടെ ആയിരിക്കും തുടർച്ചയായ ശക്തമായ മഴ ലഭിക്കുക. കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപെട്ട മഴ തുടരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടു വർഷമായി ജൂൺ, ജൂലൈ മാസങ്ങളില്‍ മഴ കുറയുകയും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുകയുമാണ് ചെയ്യുന്നത്. ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസങ്ങളിൽ ഒന്നാണ് കടന്നുപോകുന്നത്. 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണിത്. ജൂൺ 1 മുതൽ 30 വരെ പെയ്തത് 408.4 മില്ലിമീറ്റർ. കേരളത്തിൽ ജൂണിൽ ശരാശരി ലഭിക്കേണ്ടത് 643 മില്ലിമീറ്റർ ആണ്. ഇതുവരെ 36% കുറവ്.

ഇതിനു മുൻപ് 1983 (322. 8 മില്ലിമീറ്റർ ) 2019 ( 358.5 മില്ലീമീറ്റർ) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂൺ മാസത്തിൽ ലഭിച്ചത്. 2013ൽ ആയിരുന്നു ജൂണിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് അന്ന് 1042. 7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ( 55% കുറവ് ) പാലക്കാട്‌,( 50% കുറവ് ) ജില്ലകളിൽ ആണ് ഏറ്റവും കുറവ്.

ഇന്ത്യയിൽ ഇന്നലെവരെ 182.9 മില്ലീമീറ്റർ മഴ കിട്ടി, 10% അധികം. കിട്ടേണ്ടത് 166.9 മില്ലീമീറ്റർ. കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെയുളള 37 സംസ്ഥാനങ്ങളിൽ 25 ലും സാധാരണ / സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു . കേരളം ഉൾപ്പെടെ ഉള്ള 11 സംസ്ഥാനങ്ങളിൽ  മഴ കുറവാണ് ലഭിച്ചത്

Related Articles

Leave a Reply

Back to top button