Kerala

മോട്ടോര്‍ വാഹന നിയമ ഭേദഗതി; കേരളത്തിന്റെ നിലപാട് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കി

തിരുവനന്തപുരം: മോട്ടോര്‍ വാഹന പിഴ തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിന് മറുപടി കത്തു നല്‍കി.

ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കാനാകില്ല എന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പ്രയാസം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിക്കു കത്തയച്ചു.

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവു വരുത്തുകയായിരുന്നു. എന്നാല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് വരുത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. പുതുക്കിയ മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞ തുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്.

അതേസമയം, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തില്‍ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഇടാക്കാനായിരുന്നു തീരുമാനം.

അതുപോലെ വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്. അതേസമയം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ കുറച്ചിട്ടില്ല.

Related Articles

Leave a Reply

Back to top button