Kerala

കുട്ടികളെ എടുത്ത് ‘സോപ്പിടല്‍’ വേണ്ട, അനുഗ്രഹം വാങ്ങിച്ച് പ്രായമായവരെ ‘വലയിലാക്കാനും’ നോക്കണ്ട; കൊവിഡ് കാല തെരഞ്ഞെടുപ്പ് പ്രചരണം ഇങ്ങനെ

കോട്ടയം: കുട്ടികളെ കൈയ്യിലെടുത്ത് ലാളിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പതിവ് ‘സോപ്പിടല്‍’ വേണ്ട. അനുഗ്രഹം വാങ്ങിച്ച് പ്രായമായവരെ വലയിലാക്കാന്‍ നോക്കുന്ന കലാപാരിപാടിയും ഇത്തവണ മറന്നേക്കു. കൊവിഡ് കാല തെരഞ്ഞെടുപ്പ് പ്രചരണത്തിന് അധികൃതര്‍ ചില മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് പാലിച്ച് മാത്രമേ 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തേടി ഇറങ്ങാനാകൂ.

ഭവന സന്ദര്‍ശന സംഘത്തില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി 5 പേര്‍ മാത്രമേ പാടുള്ളൂ. എല്ലാ അംഗങ്ങളും മൂക്കും വായും മൂടും വിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്.

ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങല്‍, ദേഹത്ത് സ്പര്‍ശിക്കുക, കുട്ടികളെ എടുക്കുക എന്നിവ ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. വിതരണത്തിനുള്ള നോട്ടിസുകളും ലഘുലേഖകളും പരിമിതപ്പെടുത്തണം.

വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഒരു കാരണവശാലും ഇടപഴകരുത്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ പ്രചാരണത്തിന് ഇറങ്ങരുത്. ഹാരം, ബൊക്കെ, ഷാള്‍ തുടങ്ങിയവ സ്വീകരണ പരിപാടിയില്‍ നിന്ന് ഒഴിവാക്കണം.

പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ. യോഗങ്ങള്‍ നടത്തുന്നതിനു പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. റോഡ്‌ഷോ / വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങള്‍ മാത്രം.

ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം. പ്രചാരണ ശേഷം വീട്ടില്‍ മടങ്ങി എത്തിയാല്‍ ഉടന്‍ വസ്ത്രങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കിയോ/ ഇസ്തിരിയിട്ടോ ഉപയോഗിക്കുക.

Related Articles

Leave a Reply

Back to top button