Puthuppady

പുതുപ്പാടിയിൽ സിൽവർലൈനിന് എതിരേ മാവോവാദികളുടെ നോട്ടീസ്

പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്നിൽ സിൽവർലൈൻ പദ്ധതിക്കും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കുമെതിരേ രൂക്ഷവിമർശനവുമായി മാവോവാദികളുടെ പോസ്റ്റർ. മട്ടിക്കുന്ന് ബസ്‌സ്റ്റോപ്പിലും പരിസരത്തെ കടകളിലും മറ്റുമായാണ് മാവോവാദികളുടെ പേരിൽ പോസ്റ്ററുകളും നോട്ടീസും പതിച്ചത്. മൂന്നുവർഷംമുമ്പ് സായുധരായ മാവോവാദിസംഘമെത്തി കവലപ്രസംഗം നടത്തി സാന്നിധ്യമറിയിച്ചിരുന്ന സ്ഥലത്താണ് ഞായറാഴ്ച പുലർച്ചെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച പകൽ താമരശ്ശേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സംഘം പട്രോളിങ് നടത്തിയ അതേസ്ഥലത്താണ് തൊട്ടടുത്തദിവസം പോസ്റ്ററുകൾ പതിച്ചത്.

ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ മട്ടിക്കുന്ന് അങ്ങാടിയിലെ ചായക്കട തുറക്കാനെത്തിയ ബാബുവാണ് നോട്ടീസുകൾ ആദ്യം കണ്ടത്. സംസ്ഥാന, കേന്ദ്ര സർക്കാരുകളെ വിമർശിക്കുന്ന പോസ്റ്ററുകളിൽ സിൽവർലൈനും അവശ്യസാധന- ഇന്ധനവില വർധനയുമാണ് പ്രധാന വിഷയം. ‘ഇന്ത്യ ഹിറ്റ്‌ലർ മോദി, കേരള ഹിറ്റ്‌ലർ പിണറായി’, ‘കേരളത്തെ രണ്ടായി വിഭജിച്ച് ജനങ്ങളെ കുടിയിറക്കുന്നതിനെതിരേ ഒന്നിച്ച് രംഗത്തിറങ്ങുക’, ‘പിണറായി സർക്കാർ അടിച്ചേൽപ്പിക്കുന്ന സിൽവർലൈൻ പദ്ധതി ജനങ്ങളുടെ ഡെഡ്‌ ലൈനോ?’, ‘അവശ്യസാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വില വർധിപ്പിക്കുന്നതിനെതിരേ ഒന്നിച്ച് പോരാടുക’ എന്നിങ്ങനെയെല്ലാമാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വിവരമറിഞ്ഞ് ഡിവൈ.എസ്.പി. ടി.കെ. അഷ്റഫ്, ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ, എസ്.ബി. എസ്.ഐ. രാജൻ തുടങ്ങിയവരുൾപ്പെട്ട താമരശ്ശേരി പോലീസ് സംഘവും മാവോയിസ്റ്റ് വിരുദ്ധ സ്പെഷ്യൽ സ്ക്വാഡ്, ഫൊറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. താമരശ്ശേരി പോലീസ് യു.എ.പി.എ. പ്രകാരം കേസെടുത്തു.

Related Articles

Leave a Reply

Back to top button