വേനൽമഴ: 16 വൈദ്യുതത്തൂണുകൾ തകർന്നു; ലക്ഷങ്ങളുടെ നഷ്‌ടം

തിരുവമ്പാടി : ശക്തമായ മഴയിലും കാറ്റിലും 16 വൈദ്യുതത്തൂണുകൾ ഒടിഞ്ഞുവീണു. കെ.എസ്.ഇ.ബി. തിരുവമ്പാടി സെക്‌ഷൻ പരിധിയിലെ പുന്നക്കൽ, ഓളിക്കൽ, പൊന്നാങ്കയം എന്നിവിടങ്ങളിലെ തൂണുകളാണ് തകർന്നത്. ഞായറാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിലും കനത്തമഴയിലും വൻനാശനഷ്ടമാണ് ഉണ്ടായത്. കോൺക്രീറ്റ് തൂണുകളാണ് ഒടിഞ്ഞുവീണത്. പലയിടത്തും വൈദ്യുതകമ്പികൾ പൊട്ടിവീണു.
വൈദ്യുതിബന്ധം ഇനിയും പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല. തൂണുകൾ പുതുതായി സ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതിവകുപ്പിന് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്.പൊന്നാങ്കയം ജിജീഷ്, പുല്ലൂരാംപാറ ഗ്രൗണ്ടിനുസമീപം ഗോഡ്‌സൻ എന്നിവരുടെ വീടുകൾക്കുമുകളിൽ മരംവീണു. മൊത്തം പത്തോളം വീടുകൾക്കുമുകളിലാണ് മരങ്ങൾ പൊട്ടിവീണത്.
നാലുപേർക്ക് നിസാര പരിക്കേൽക്കുകയുംചെയ്തു. മലയോരമേഖലയിൽ തുടർച്ചയായി പെയ്യുന്ന വേനൽമഴ നാശംവിതയ്ക്കുകയാണ്.തിരുവമ്പാടി നഗരത്തിൽ മഴ കാര്യമായി ഇല്ല. പഞ്ചായത്തിലെ കിഴക്കൻ മേഖലകളിലാണ് കനത്തമഴയും കെടുതികളും തുടരുന്നത്. കഴിഞ്ഞ മാസത്തെ വേനൽമഴയിൽ തിരുവമ്പാടിയിലും വ്യാപകമായ വിളനാശവുമുണ്ടായിരുന്നു.







