Kodiyathur

ജനമൈത്രി പോലീസ് ഇടപെട്ടു; വഴിത്തർക്കം മാത്രമല്ല, ബന്ധുക്കളുടെ പിണക്കവും പമ്പകടന്നു

കൊടിയത്തൂർ : ജനമൈത്രി പോലീസ് ഇടപെട്ടപ്പോൾ അബൂബക്കറിനും കുടുംബത്തിനും റോഡ് മാത്രമല്ല ലഭിച്ചത്, ബന്ധുക്കൾ തമ്മിലുള്ള കൊച്ചു പിണക്കങ്ങളും ഇണക്കത്തിന് വഴിമാറി.

ചെറുവാടി വേക്കാട്ട് അബൂബക്കറും കുടുംബവും വീട്ടിലേക്ക് നടന്നുപോകാൻപോലും വഴിയില്ലാതെയാണ് തിങ്കളാഴ്ചവരെ ജീവിച്ചുവന്നത്. ബന്ധുവിന്റെ പറമ്പിൽക്കൂടിയാണ് വീട്ടിലേക്ക് വഴി വേണ്ടിയിരുന്നത്. ഇതിലൂടെ ആദ്യം നടപ്പുവഴി അനുവദിച്ചിരുന്നു. മൂന്നുനാല് മാസംമുമ്പ് അതും തടസ്സപ്പെട്ടു. നാട്ടിലെ പൊതുപ്രവർത്തകർ പലരും പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഒടുവിൽ അബൂബക്കറിന്റെ കടുംബം മുക്കം പോലീസിനെ സമീപിച്ചു.

വിഷയം ജനമൈത്രി പോലീസ് ഏറ്റെടുത്തു. ജനമൈത്രി എസ്.ഐ. പി. അസൈനും സീനിയർ സി.പി.ഒ. കെ. സുനിലും സ്ഥലത്തെത്തി. ബന്ധുക്കളെ വിളിച്ചിരുത്തി സംസാരിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ എല്ലാ പിണക്കങ്ങളും ഒഴിഞ്ഞു. ഇണക്കം പഴയതിലും ശക്തമായി. അതോടെ നടപ്പുവഴി ആഗ്രഹിച്ച അബൂബക്കറിന് 6.5 അടി വീതിയിൽ 40 മീറ്ററോളം സ്ഥലം വീട്ടുകൊടുത്തു. എല്ലാവരും ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ റോഡും വെട്ടി.

Related Articles

Leave a Reply

Back to top button