സംസ്ഥാനപാതയോരത്ത് മലയിടിക്കൽ; പരിഷത്ത് പ്രക്ഷോഭത്തിന്

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കക്കാട് വില്ലേജിൽപ്പെടുന്ന ഓടത്തെരുവിൽ എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയോരത്തെ മല ഇടിച്ചുനിരത്തുന്നതിനെതിരേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റി പ്രതിക്ഷേധവുമായി രംഗത്ത്. സംസ്ഥാനപാത വികസനത്തിന്റെ മറപറ്റി നടക്കുന്ന മലയിടിക്കൽ നിർത്തിവെപ്പിക്കണമെന്നാവശ്യപ്പെട്ട് കക്കാട് വില്ലേജ് ഓഫീസർക്കും കളക്ടർക്കും കമ്മിറ്റി പരാതിനൽകി.
മൂന്നിടങ്ങളിലായാണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. മൺഖനനം നടക്കുന്ന മലയുടെ പടിഞ്ഞാറുഭാഗത്ത് വലിയതോതിൽ പാറ പൊട്ടിക്കുന്ന ഒരു ക്വാറി മുമ്പേതന്നെ പ്രവർത്തിക്കുന്നുമുണ്ട്. ചുവന്ന മണ്ണിന്റെ സമ്പുഷ്ടതയുള്ള ഈ മലയിൽനിന്ന് ഉദ്‌ഭവിച്ചിരുന്ന രണ്ടുനീരൊഴുക്കുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ധാരാളം ജലസംഭരണ ശേഷിയുള്ള ഈ മലയുടെ അടിഭാഗത്തെ മണ്ണ് വ്യാപകമായി എടുത്തതിനാൽ ലാൻഡ് സ്ലൈഡിങ്, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകുമെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.