കേരള സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യു ഡി എഫ് ഉം ബി ജെ പി യും നടത്തുന്ന അപവാദ പ്രചരണങ്ങൾക്ക് എതിരെ സിഐടിയു പ്രതിരോധ സംഗമം നടത്തി

കോടഞ്ചേരി: സ്വർണ്ണ കള്ളകടത്ത് കേസിൽ പ്രതിയായവർ മുഖ്യമന്ത്രിക്കും, കേരള സർക്കാരിനുമെതിരെ നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ അപവാദ പ്രചരണങ്ങൾക്കും, സമരാഭാസങ്ങൾക്കുമെതിരെ സി ഐ ടി യു കോടഞ്ചേരി പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പ്രകടനവും പ്രതിരോധ സംഗമവും നടത്തി.
കേരളത്തിലെ എൽ ഡി എഫ് ഗവൺമെന്റ് നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളും , നിപ്പ, ഓഖി , പ്രളയം, കോവിഡ് എന്നീ ദുരന്ത കാലത്ത് കേരളീയ സമൂഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് രക്ഷിച്ച സർക്കാറിന്റെ പ്രവർത്തനങ്ങളും ജനങ്ങളേറ്റെടുത്തതിന്റെ തെളിവാണ് എൽ ഡി എഫ് ന് കേരളത്തിലെ ജനങ്ങൾ ഭരണ തുടർച്ച സമ്മാനിച്ചത്.
ഇതിൽ വിറളി പിടിച്ച യു ഡി എഫ് ഉം ബി ജെ പിയും നടത്തുന്ന സമരാഭാസങ്ങളും , ആരോപണങ്ങളും ജനങ്ങൾ തള്ളി കളഞ്ഞിരിക്കുകയാണ്. ആരോപണങ്ങൾ ഒന്നൊന്നായി അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് നാട് തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തിലെ തൊഴിലാളി വർഗ്ഗം എൽ ഡി എഫ് സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിരോധ സംഗമങ്ങൾ സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
കോടഞ്ചേരിയിലെ പ്രതിരോധ സംഗമം സി ഐ ടി യു ഏരിയാ വൈസ് പ്രസിഡണ്ട് ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം കെ എം വിലാസിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റി കൺവീനറും ഏരിയാ ജോ : സെക്രട്ടറിയുമായ എ.എസ്. രാജു , ജിതിൻ മൈക്കിൾ , ബിന്ദു ജോർജ് , രെജി ടി എസ് ,ശരത്ത് സി എസ് , പി ജനാർദ്ദനൻ , എ എം ഫൈസൽ എന്നിവർ പ്രസംഗിച്ചു.