സ്ഥലം തിരികെ ചോദിച്ച് ഉടമ; സ്ഥലം നഷ്ടപ്പെട്ട് കൊടിയത്തൂർ ജി.എം യു.പി സ്കൂൾ

കൊടിയത്തൂർ: കൊടിയത്തൂരുകാരുടെ വിദ്യാലയമുത്തശിയ്ക്ക് നൂറ്റിപ്പതിനൊന്നാം വയസിൽ സ്വന്തമായുള്ള സ്ഥലവും കെട്ടിടമുണ്ടാക്കാനനുവദിച്ച 1 കോടി രൂപയും നഷ്ടമായി. കെട്ടിടമുണ്ടാക്കാൻ സ്ഥലം വിട്ട് നൽകിയ ഉടമ സ്ഥലം തിരിച്ച് ലഭിക്കാൻ നടത്തിയ നിയമയുദ്ധമാണ് സ്കൂളിന് സ്ഥലം നഷ്ടമാകാൻ കാരണം. 1911ൽ അഞ്ചാം ക്ലാസ് വരെയുള്ള എ..പി സ്കൂളായി ആരംഭിച്ച കൊടിയത്തൂർ ജി.എം യു.പി സ്കൂളിലേയ്ക്ക് 10 കിലോ മിറ്റർ അകലെ നിന്ന് വരെ തോണിമാർഗവും നടന്നും വിദ്യാർത്ഥികൾ പഠിക്കാനെത്തിയിരുന്നു.
അന്നുമുതൽ സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലത്തുള്ള വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1980 ൽ ഏഴ് വരെയുള്ള യു.പി സ്കൂളാക്കി ഉയർത്തി. അന്ന് ഒരു സ്വകാര്യ വ്യക്തി നാല് സെന്റ് സ്കൂളിന് സൗജന്യമായി നൽകിയിരുന്നു. പിന്നീട് മൂന്ന് തവണയായി നാട്ടുകാരും ഗ്രാമപഞ്ചായത്ത് ഭരണസമിതികളും ചേർന്ന് 48 സെന്റ് സ്ഥലം വിലക്കെടുത്ത് സർക്കാരിന് നൽകി. തുടർന്ന് എം.എൽ.എമാരുടെയും നാട്ടുകാരുടെയും സർക്കാരിന്റെയും ശ്രമഫലമായി 23 ക്ലാസ് റൂമുകളുള്ള കെട്ടിടങ്ങൾ നിർമ്മിക്കുകയായിരുന്നു.
ഇതിനിടയിൽ പഴയ സ്കൂൾ പ്രവർത്തിച്ചിരുന്ന 30 സെന്റ് സ്ഥലവും കെട്ടിടവും തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് സ്ഥലമുടമ നിയമയുദ്ധം ആരംഭിച്ചു. തുടർന്ന് 2010ൽ ഗ്രാമ പഞ്ചായത്ത് 30 സെന്റും അക്വയർ ചെയ്തു. 36 ലക്ഷം രൂപ സ്ഥലമുടമയ്ക്ക് നൽകി. സ്ഥലമുടമ വില പോരെന്ന് പറഞ്ഞ് വീണ്ടും കോടതിയെ സമീപിക്കുകയും കോടതി പഞ്ചായത്ത് നൽകിയ പണത്തിന് പുറമേ വീണ്ടും 36 ലക്ഷവും പലിശയും നൽകാൻ ഉത്തരവിടുകയും ചെയ്തു.
ഈ ഉത്തരവ് നടപ്പിലാക്കി കിട്ടാത്തതിനാൽ ഭൂവുടമ വീണ്ടും കോടതിയെ സമീപിക്കുകയും കോടതി 30 സെന്റ് സ്ഥലം ജപ്തി ചെയ്യാൻ ഉത്തരവിറക്കുകയും ചെയ്തു. ഇത് പ്രകാരം സ്ഥലം റവന്യൂ അധികൃതർ ഒരു മാസം മുമ്പ് ജപ്തി ചെയ്തു. തുടർന്ന് ഭൂമി ലേലത്തിന് വച്ചിരിക്കുകയാണ്.
2021 ഫെബ്രുവരിയിലാണ് കിഫ്ബിയിലുൾപ്പെടുത്തി സ്കൂൾ കെട്ടിടമുണ്ടാക്കാൻ 1 കോടി അനുവദിച്ചത്. സ്ഥലമില്ലാതായതോടെ ഈ ഒരു കോടിയും തോട്ടുമുക്കം ഗവ.യു.പി സ്കൂളിലേയ്ക്ക് മാറ്റി. കെട്ടിടത്തിന് 5 ക്ലാസ് റൂമുകൾ കൂടി അത്യാവശ്യവുമാണ്. സ്കൾ ഗ്രൗണ്ടിന്റെ സ്ഥലം പോയതോടെ 888 വിദ്യാർത്ഥികൾക്കും കളിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. സ്കൂളിനോട് ചേർന്നുള്ള സ്ഥലമായതിനാൽ ലേലത്തിൽ എടുക്കാൻ ആരും തയ്യാറാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്