കാരശ്ശേരിയിൽ വഴിയോര വിശ്രമ കേന്ദ്രം; നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാരശ്ശേരി : യാത്രക്കാർക്ക് ആശ്വാസമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. പദ്ധതിയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവ്വഹിച്ചു. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ ഓടതെരുവ് മാടാമ്പുറത്താണ് വിശ്രമ കേന്ദ്രം നിർമിക്കുന്നത്.
സ്ത്രീകൾ, കുട്ടികൾ, തീർഥാടകർ തുടങ്ങി ഏവർക്കും ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും വിശ്രമകേന്ദ്രം ഉപയോഗിക്കാം. എല്ലാ ശുചിമുറികളിലും സാനിറ്ററി നാപ്കിൻ, ഡിസ്ട്രോയർ, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനശീകരണികൾ എന്നിവ സജ്ജീകരിക്കും. ഹരിത കേരള മിഷന്റെയും , ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ 43 ലക്ഷംരൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.
വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം സൗദ ടീച്ചർ, ശുചിത്വ മിഷൻ കോ-ഓഡിനേറ്റർമാരായ രാജേഷ്, റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.