Kodiyathur

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേവഹരിതം പദ്ധതി വിജയകരമായി മുന്നോട്ട്

കൊടിയത്തൂർ : പന്നിക്കോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രഭൂമിയിൽ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേവഹരിതം പദ്ധതി വിജയകരമായി മുന്നോട്ട്. മൂന്നരഏക്കറിൽ ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, നക്ഷത്രവനം, പച്ചക്കറിത്തോട്ടം, പൂജാപുഷ്പത്തോട്ടം തുടങ്ങിയവ നട്ടുവളർത്തുന്ന പദ്ധതിയാണിത്. ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുമായി ചേർന്ന് 2022 ഓഗസ്റ്റിൽ ആരംഭിച്ച ദേവഹരിതം പദ്ധതി തീറ്റപ്പുല്ല് കൃഷി ആരംഭിച്ചുകൊണ്ട് രണ്ടാംഘട്ടത്തിലേക്ക് കടന്നു.

ക്ഷേത്രത്തിലെ പശുക്കൾക്കുള്ള തീറ്റപ്പുല്ലുത്‌പാദനം, തൈകൾക്കുള്ള വളപ്രയോഗം, കളപറിക്കൽ, പുതയിടൽ തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിൽ ആരംഭിച്ചത്. അമ്പതോളം തൊഴിലുറപ്പ് തൊഴിലാളികളാണ് പങ്കെടുത്തത്. ഒരേക്കറിൽ തീറ്റപ്പുല്ലും രണ്ടേക്കറിൽ ഫലവൃക്ഷ-ഔഷധ സസ്യങ്ങളുമാണ് നട്ടുപിടിപ്പിക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിന് കയ്യാല സംരക്ഷണം ഉറപ്പുവരുത്തി.

പൂജാതികർമങ്ങൾക്ക് ഉപയോഗിക്കാൻകഴിയുന്ന ചെത്തി, മന്ദാരം, തുളസി, പിച്ചകം ഉൾപ്പെടെയുള്ള ദശപുഷ്പങ്ങളും കൃഷിചെയ്യാനും ക്ഷേത്രത്തിലെ ഉത്സവാദിചടങ്ങുകൾക്ക് ആവശ്യമായ പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ ഉത്‌പാദിപ്പിക്കാനും പദ്ധതിയിൽ ലക്ഷ്യമിടുന്നു. ‘ആസാദി കാ അമൃത്’ മഹോത്സത്തിന്റെ ഭാഗമായി പ്രദേശത്ത് അരയേക്കറോളം സ്ഥലത്ത് മുരിങ്ങക്കൃഷിയും തുടങ്ങും.

ക്ഷേത്രത്തിലെ രണ്ട് കുളങ്ങളിൽനിന്ന് കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കും. ക്ഷേത്രാങ്കണത്തിൽ തീറ്റപ്പുല്ല് നട്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ദേവഹരിതം രണ്ടാംഘട്ടം ഉദ്ഘാടനംചെയ്തു. കുന്ദമംഗലം ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ശ്രീധരൻ, എം.ജി.എൻ.ആർ.സി. ഓവർസിയർ ഹർഷാദ്, ഐ. ശങ്കരനാരായണൻ, കെ.പി. സുബ്രഹ്‌മണ്യൻ, അബ്ദു പരപ്പിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button