Kerala

കൊടകര കുഴൽപ്പണക്കേസ്; രണ്ട് പ്രധാന പ്രതികൾ പിടിയിൽ

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ 2 പ്രധാന പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ മുഹമ്മദാലി സാജ് ആണ് ഗുണ്ടാ സംഘത്തെ ഏകോപിപ്പിച്ചത്.

അതേസമയം, കൊടകര കുഴൽപ്പണ കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. ഒരു പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ പരാതിയിൽ പറയുന്നതിനേക്കാൾ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

റിമാൻഡിൽ കഴിയുന്ന എട്ട് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിലെ ഒൻപതാം പ്രതിയായ ബാബുവിന്റെ വീട്ടിൽ നിന്ന് മാത്രം കണ്ടെത്തിയത് 23 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ആറ് ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് രസീതുമായിരുന്നു.

പരാതിക്കാരനായ ഷംജീറിന്റെ മൊഴി നഷ്ടപ്പെട്ടത് 25 ലക്ഷം രൂപയാണ് എന്നായിരുന്നു. എന്നാൽ അതിനേക്കാളധികം തുക ഒരു പ്രതിയുടെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്ത സാഹചര്യത്തിൽ കാറിൽ കൂടുതൽ പണമുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

ഷംജീറിന് പണം കൊടുത്തുവിട്ടത് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമ്മരാജനാണെന്ന് വ്യക്തമായിട്ടുണ്ട്. യുവമോർച്ച മുൻ സംസ്ഥാന ട്രഷർ സുനിൽ നായിക്കാണ് ധർമ്മരാജന് പണം കൈമാറിയതെന്ന് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചു. ഈ സാഹചര്യത്തിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

Related Articles

Leave a Reply

Back to top button