KoodaranjiKoombara

മലയോര ഹൈവേ: മേലെകൂമ്പാറ-താഴെ കക്കാട് റീച്ച് അധികബാധ്യത ചൂണ്ടിക്കാട്ടി ഒഴിവാക്കി

തിരുവമ്പാടി: മലയോര ഹൈവേ മേലെകൂമ്പാറ-താഴെ കക്കാട് റീച്ച് അധികബാധ്യത ചൂണ്ടിക്കാട്ടി പ്രവർത്തിയിൽ നിന്നും ഒഴിവാക്കി കിഫ്‌ബി. നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിനിൽക്കെയാണ് കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ-താഴെ കക്കാട് റീച്ച് ഒഴിവാക്കിയിരിക്കുന്നത്. പ്രവർത്തി ഒഴിവാക്കിയതോടെ 7 കിലോമീറ്ററിലധികം നീളമുള്ള ആനക്കല്ലുംപാറ-അകമ്പുഴ-താഴെ കക്കാട് റോഡ് ഗ്രാമീണ റോഡായി തുടരും.

കുത്തനെയുള്ള പ്രദേശമായതിനാൽ ഉണ്ടായേക്കാവുന്ന അമിത ചിലവിനോടൊപ്പം ജനവാസം കുറവാണെന്നതുമാണ് പ്രവർത്തി ഒഴിവാക്കാൻ അധികൃതർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ. രണ്ട്‌ പാലങ്ങളും 20ഓളം കലുങ്കുകളും ആവശ്യമായിവരുന്ന പ്രവർത്തിയാണ് ഇത്. 12 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റോഡിന് പകരം ഇവിടെമാത്രം വീതി കുറഞ്ഞ ഗ്രാമീണ റോഡായി പരിമിതപ്പെടുത്തിയത് പ്രദേശവാസികൾക്കിടയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്.

അതേസമയം പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി 26.5 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതായി കെ.ആർ.എഫ്.ബി എ.ഇ പി.എം അബ്ദുൽ വഹാബ് അറിയിച്ചു. റോഡിന്റെ പുനരുദ്ധാരണ ചുമതല പഞ്ചായത്തിന് നൽകാനാണ് സാധ്യത. ഒട്ടേറെ കർഷക കുടുംബങ്ങൾ തമടിക്കുന്ന പ്രദേശമാണിത്. ചുള്ളിയകം ആദിവാസി കോളനി, അകമ്പുഴ കണ്ടിലംപാറ ആദിവാസി കോളനി എന്നിവർക്ക് ആശ്വാസമാകുന്ന റോഡാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Back to top button