മലയോരത്ത് മഴയിൽ കുതിർന്ന് തിരഞ്ഞെടുപ്പ് ആവേശം

മുക്കം : ദിവസവും ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ. വൃശ്ചികത്തിൽ കാലംതെറ്റി പെയ്യുമ്പോൾ മലയോരമേഖലയിലെ തിരഞ്ഞെടുപ്പ് ആവേശം മഴയിൽ മുങ്ങുകയാണ്. പരസ്യപ്രചാരണത്തിന് രണ്ടാഴ്ചമാത്രം ബാക്കിനിൽക്കേ പുറത്തിറങ്ങി വോട്ടഭ്യർഥിക്കാനാകാതെ സ്ഥാനാർഥികളും പ്രവർത്തകരും ബുദ്ധിമുട്ടുമ്പോൾ മുന്നണികളുടെ നെഞ്ചിടിപ്പ് ഉയരുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, മിക്ക ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം മലയോരമേഖലയിൽ ശക്തമായ മഴയാണ്. വാർഡുകൾ കേന്ദ്രീകരിച്ച് മുന്നണികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്നുണ്ടെങ്കിലും പങ്കാളിത്തം കുറവാണെന്ന് മുന്നണികളുടെ നേതാക്കൾ പറയുന്നു.അവധി കണക്കിലെടുത്ത് മുന്നണികൾ ഞായറാഴ്ചയാണ് കൺവെൻഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഉച്ചയോടെ തുടങ്ങിയ മഴ വൈകീട്ടുവരെ നീണ്ടുനിന്നതോടെ ആകാശത്തെ കാർമേഘം പതുക്കെ സ്ഥാനാർഥികളുടെയും നേതാക്കളുടെയും മുഖത്തും നിഴലിക്കുന്നുണ്ടായിരുന്നു. മഴകാരണം സ്ക്വാഡ് പ്രവർത്തനം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്ന് സ്ഥാനാർഥികളും പ്രവർത്തകരും പറയുന്നു.
സ്ഥാനാർഥിയുടെ ചിത്രവും തിരഞ്ഞെടുപ്പ് ചിഹ്നവും ആലേഖനംചെയ്ത ഫ്ലക്സ് ബോർഡുകൾ നാട്ടിലാകെ കളംപിടിച്ചു. പക്ഷേ, പോസ്റ്ററുകൾ തയ്യാറാണെങ്കിലും പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാനാകാത്ത അവസ്ഥയാണ്. കാരണം മഴതന്നെ!മഴയത്ത് പോസ്റ്ററുകൾ നശിച്ചാൽ ഇരട്ടിപ്പണിയാകുമെന്ന് തിരിച്ചറിഞ്ഞതോടെ പോസ്റ്റർ പതിക്കാനുള്ള സ്ഥലം ബുക്ക് ചെയ്തിടുന്ന തിരക്കിലാണ് മുന്നണികൾ. മഴ മാറിയില്ലെങ്കിൽ രണ്ടുംകല്പിച്ച് രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.






