മുക്കത്തെ കയർഫെഡിന്റെ ചകിരിസംസ്കരണ യൂണിറ്റ് പൊളിച്ചുതുടങ്ങി

മുക്കം: മൂന്നുവർഷത്തിലേറെയായി അടഞ്ഞുകിടന്ന കയർഫെഡിന്റെ വെസ്റ്റ് മാമ്പറ്റയിലെ യന്ത്രവത്കൃത ചകിരി സംസ്കരണ യൂണിറ്റ് കെട്ടിടം പൊളിച്ചുതുടങ്ങി. തുരുമ്പെടുത്ത യന്ത്രങ്ങളും പൊളിച്ചുനീക്കും. പുതിയ കെട്ടിടം നിർമിച്ച് അത്യാധുനിക സംവിധാനങ്ങളടങ്ങിയ പുതിയയന്ത്രങ്ങൾ കൊണ്ടുവന്ന് പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ നടപടി. കെട്ടിടത്തിനു ചുറ്റും ഉയരത്തിൽ കാടുമൂടി തെരുവുനായ്ക്കളുടെയും സമൂഹവിരുദ്ധരുടെയും താവളമായി മാറിയത് പ്രമുഖ മാധ്യമങ്ങൾ വർത്തയാക്കിയിരുന്നു. യന്ത്രത്തകരാറിനെത്തുടർന്ന് ചകിരിസംസ്കരണ യൂണിറ്റ് അടച്ചുപൂട്ടിയതോടെ ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയായിരുന്നു.
സ്ഥാപനം പൂട്ടിയതോടെ 12 പേർക്ക് തൊഴിൽ നഷ്ടമായി. തൊഴിലാളികളിൽ ഏറെയും സ്ത്രീകളായിരുന്നു. വെസ്റ്റ് മാമ്പറ്റ-നെടുമങ്ങാട് റോഡിൽ നഗരസഭ മിനി സ്റ്റേഡിയത്തിനുസമീപം ഒന്നര ഏക്കറിലാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ആലപ്പുഴ കേന്ദ്രമായുള്ള കയർഫെഡിനുകീഴിൽ 2000ൽ ആണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. കയർ നിർമാണത്തിനുള്ള ചകിരി സംസ്കരിച്ച് നാരാക്കി ഇവിടെനിന്ന് കയറ്റി അയക്കുകയായിരുന്നു പതിവ്. അഞ്ചുവർഷത്തിനുശേഷം പ്രവർത്തനം മന്ദഗതിയിലായി യന്ത്രങ്ങൾ തകരാറിലായതോടെ യൂണിറ്റിന്റെ പ്രവർത്തനവും നിലച്ചു. യൂണിറ്റ് തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യം ശക്തമായതോടെ 2010-ൽ ജി സുധാകരൻ മന്ത്രിയായിരിക്കെ യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ കോവിഡിന് തൊട്ടുമുമ്പ് യൂണിറ്റിന്റെ പ്രവർത്തനം വീണ്ടും നിലയ്ക്കുകയായിരുന്നു.







