യൂത്ത് കോൺ. മാർച്ചിൽ സംഘർഷം; മൂന്നു പേർ ആശുപത്രിയിൽ

കോഴിക്കോട് ∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പരുക്കേറ്റ യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത് ഒളവണ്ണ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാൽ, സൗത്ത് ബ്ലോക്ക് സെക്രട്ടറി ജിഫ്രിൻ പയ്യാനക്കൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ചിനു ശേഷം കലക്ടറേറ്റിനു മുന്നിൽ നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുസ്തകം വായിച്ചതിന്റെ പേരിൽ 2 യുവാക്കളെ യുഎപിഎ ചുമത്തി അകത്തിട്ട പൊലീസിന് ദേശീയ സുരക്ഷയ്ക്കു ഭീഷണിയായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ചങ്കൂറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പഞ്ച് ഡയലോഗുകൾ അടിച്ചിട്ടു കാര്യമില്ല. ആർജവമുണ്ടെങ്കിൽ സ്ഥാനമൊഴിയണം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, ജനറൽ സെക്രട്ടറിമാരായ പി.കെ.രാഗേഷ്, എം.ധനീഷ്‍ലാൽ, ഒ.ശരണ്യ, വി.പി.ദുൽഖിഫിൽ, പി.നിധീഷ് എന്നിവർ പ്രസംഗിച്ചു.







