കനത്ത മഴയിൽ തിരുവമ്പാടി-പുന്നക്കൽ റോഡിൽ കുഴി രൂപപ്പെട്ടു

തിരുവമ്പാടി: തുടർച്ചയായ മഴയിൽ മലയോരത്ത് കെടുതികൾ തുടരുന്നു. തിരുവമ്പാടി-പുന്നക്കൽ റോഡിൽ നെല്ലാനിച്ചാലിൽ റോഡ് ഇടിഞ്ഞു കുഴി രൂപപ്പെട്ടു. ബസ് കാത്തിരിപ്പുകേന്ദ്രത്തിന് എതിർവശത്താണ് ടാറിങ്ങിനോട് ചേർന്ന് വൻ കിടങ്ങ് രൂപപ്പെട്ടത്. ഏതാനും വർഷംമുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച റോഡാണിത്.
കഴിഞ്ഞ മാസം ജൽ ജീവൻ മിഷൻ പദ്ധതിയ്ക്കായി റോഡിന്റെ അരിക് വെട്ടിക്കീറിയിരുന്നു. ഈ ഭാഗങ്ങളിൽ മതിയായ അളവിൽ അസംസ്‌കൃത വസ്തുക്കൾ ചേർക്കാതെയാണ് പൈപ്പുകൾ മൂടിയതെന്ന ആക്ഷേപം നിലനിൽക്കെയാണ് റോഡിൽ വൻകുഴി രൂപപ്പപ്പെട്ടിരിക്കുന്നത്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ജൽ ജീവൻ മിഷൻ അധികൃതരെത്തി കുഴി നികത്തിയെങ്കിലും കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. ഭാരവാഹനങ്ങൾ അടക്കം ഗതാഗതത്തിരക്കേറിയ റോഡാണിത്. മതിയായ അസംസ്‌കൃത വസ്തുക്കളുപയോഗിച്ച് ഉറപ്പിച്ചില്ലെങ്കിൽ ടാറിങ് ഭാഗം ഉൾപ്പെടെ റോഡ് പൊളിയാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.