Kodanchery
അന്താരാഷ്ട്ര കയാക്കിങ് സെന്റർ ഉദ്ഘാടനം നാളെ

കോടഞ്ചേരി: പഞ്ചായത്തിലെ പുലിക്കയത്ത് പരിശീലനത്തിനും മത്സരങ്ങൾക്കുമായി നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ് സെന്റർ നാളെ 4 മണിക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2 ഘട്ടങ്ങളിലായി അനുവദിച്ച 1 കോടി 65 ലക്ഷം രൂപ ഉപയോഗിച്ചാണ് കയാക്കിങ് സെന്റർ നിർമിച്ചത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഇത്തരത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് സെന്ററാണ് പുലിക്കയത്തേത്. ഇരു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ഡോർമറ്ററി, ക്ലോക്ക് റൂം, ഗ്യാലറി, ടോയ്‌ലെറ്റുകൾ, മീറ്റിംഗ് ഹാൾ എന്നിവയും പുഴയോരത്ത് സംരക്ഷണ ഭിത്തിയുമാണുള്ളത്.തെക്കനാട്ട് കെ.വി കുര്യാക്കോസ് സൗജന്യമായി നൽകിയ സ്ഥലത്താണ് കയാക്കിങ് സെന്റർ നിർമിച്ചത്.