കൊടിയത്തൂർ – ചെറുവാടി റോഡിന്റെ ശോചനീയാവസ്ഥ: വ്യാപാരികൾ നിരാഹാര സമരത്തിലേക്ക്

കൊടിയത്തൂർ: ചെറുവാടി റോഡിന്റെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. മഴപെയ്താൽ ചെളിക്കുളവും, മഴ മാറിയാൽ പൊടി ശല്യവും മൂലം വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടിലാണ്. മഴപെയ്താൽ കാൽനടയാത്ര പോലും ദുസ്സഹമാണ് ഈ റൂട്ടിൽ. മാസങ്ങൾക്ക് മുന്നേ തന്നെ വ്യാപാരികൾ നേരിട്ട് കരാർ എടുത്ത കമ്പനിക്ക് റോഡ് പണി വേഗത്തിൽ തീർക്കുവാൻ നിവേദനം നൽകിയിരുന്നു. എന്നിട്ടും ഒച്ചിന്റെ വേഗതയിലാണ് റോഡ് പണി നടക്കുന്നത്. അതിനുശേഷം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി നേരിട്ട് തന്നെ പരാതി കൊടുത്തിരുന്നു. എന്നിട്ടും റോഡ് പണി ഇതുവരെയും തീർക്കുവാൻ കരാർ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
അതിനുശേഷം നിരവധി തവണ ഈ പ്രശ്നം പത്ര വാർത്തയായും വന്നിരുന്നു. ഇതുമൂലം ഈ റോഡിലൂടെ ഓട്ടോ ടാക്സികൾ, ആശുപത്രിയിലേക്ക് വരുന്നവർ, സ്കൂൾ കുട്ടികൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയവയിലേക്ക് വരുന്ന പൊതു ജനങ്ങൾ എന്നിവർക്കൊക്കെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. റോഡിലെ പൊടി ശല്യം ആരോഗ്യപ്രശ്നങ്ങൾ അടക്കം ഉണ്ടാക്കുകയും ചെയ്യുന്നു. കച്ചവട സ്ഥാപനത്തിലേക്ക് വരുന്ന ആളുകളുടെ എണ്ണവും വലിയ തോതിൽ കുറഞ്ഞിരിക്കുന്നു, ഈ സന്ദർഭത്തിൽ പ്രത്യക്ഷ സമരം അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്ന് സമരസമിതി അവലോകനയോഗത്തിൽ ധാരണയായി.
അതിനാൽ ആഗസ്റ്റ് മാസം പതിനാലാം തീയതി തിങ്കളാഴ്ച യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി കൊടിയത്തൂർ അങ്ങാടിയിൽ നിരാഹാര സത്യാഗ്രഹം ഇരിക്കുവാൻ തീരുമാനിച്ചു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അനീഫ. ടി. കെ. സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്നു. നിസാർ കൊളയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി നടത്തിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.
മെമ്പർമാരായ സി.പി മുഹമ്മദ്, അബ്ദുസമദ് കണ്ണാട്ടിൽ, എച്ച്.എസ്.ടി അബ്ദുറഹിമാൻ, ആലിക്കുട്ടി വി.കെ, മുഹമ്മദ് കെ, ഉബൈദ് യൂണിവേഴ്സൽ, ഹമീദ് വി.കെ, സലീൽ കെ.പി, കുട്ടിഹസൻ കെ, അഹമ്മദ് കുട്ടി കെ.വി, മുഹമ്മദ് കെ.വി, ആഷിക് പി.വി, സഹദ് കെ, യൂണിറ്റ് യൂത്ത് വിംഗ് സെക്രട്ടറി അബ്ദുൽ ബാസിത് പി തുടങ്ങി നിരവധി മെമ്പർമാർ പങ്കെടുത്തു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസൽ പി.പി നന്ദിയും പറഞ്ഞു.