കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; ഭർത്താവ് പിടിയിൽ

കോടഞ്ചേരി : കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ. സംഭവത്തിൽ പ്രതി ഷിബുവിൻറെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുടുംബ വഴക്കിനെ തുടർന്നാണ് ക്രൂരത ചെയ്തത്. ഭാര്യ പാറമല സ്വദേശി ബിന്ദുവിനെയും അമ്മ ഉണ്യാതെയുമാണ് ഷിബു ആക്രമിച്ചത്. മദ്യപാനിയായ ഷിബു നേരത്തെയും ഭാര്യയെയും മൂന്ന് മക്കളെയും ഉപദ്രവിച്ചിട്ടുണ്ട്.
കൊടുവാൾ കൊണ്ട് വെട്ടാൻ ശ്രമിച്ച ഇയാൾക്കെതിരെ മൂന്ന് വർഷം മുൻപ് ബിന്ദു കോടഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ ബിന്ദുവിൻ്റെ തലയ്ക്കും ദേഹത്തും പരുക്കേറ്റിരുന്നു. ഇവരെ ആദ്യഘട്ടത്തിൽ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണം നടത്തിയ ശേഷം ഷിബു സംഭവ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. ആക്രമണത്തിൽ ഉണ്യാതയുടെ കൈവിരൽ അറ്റുതൂങ്ങിയ നിലയിലായിരുന്നു.