മുക്കം എസ്.കെ സ്മൃതികേന്ദ്രം നവീകരണത്തിന് 3 ലക്ഷം അനുവദിച്ചു

കാരശ്ശേരി: വിഖ്യാത സഞ്ചാര സാഹിത്യകാരൻ എസ്.കെ പൊറ്റെക്കാട്ടിന് മുക്കം കടവിൽ നിർമിച്ചിട്ടുള്ള സ്മൃതികേന്ദ്രം നവീകരണത്തിന് നടപടിയായി. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കേന്ദ്രം നവീകരിക്കാൻ 3 ലക്ഷം രൂപ അനുവദിച്ചു. 18 വർഷം മുമ്പ് നിർമിച്ച സ്മൃതികേന്ദ്രത്തിന് ഇതാദ്യമായാണ് നവീകരണത്തിന് തുക അനുവദിക്കുന്നത്.
കേന്ദ്രത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാലുകൾ ഉൾപ്പെടെ സൗകര്യങ്ങൾ, വ്യായാമത്തിനായി നടക്കാനെത്തുന്നവർക്ക് കൊരുപ്പുകട്ടകൾ വിരിച്ച് സൗകര്യപ്പെടുത്തൽ തുടങ്ങിയവയാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അറിയിച്ചു.
ഘട്ടം ഘട്ടമായി മിനിപാർക്കും സാംസ്കാരിക കേന്ദ്രവുമായി സ്മാരകത്തെ ഉയർത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതർ പറഞ്ഞു. എസ്.കെ പൊറ്റെക്കാട്ട് 82 വർഷം മുൻപ് ഇരുവഞ്ഞിപ്പുഴയും മുക്കം കടവും പശ്ചാത്തലമാക്കി ‘നാടൻപ്രേമം’ എന്ന നോവൽ രചിക്കുന്നതിന് കുറെക്കാലം താമസിച്ച സ്ഥലമാണ് മുക്കം കടവും പരിസരവും. ഈ പശ്ചാത്തലത്തിലാണ് 2005ൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കടവിലെ ചെറുപുഴയുടെ തീരത്ത് സ്മൃതികേന്ദ്രം നിർമിച്ചത്.







