Kozhikode

കോഴിക്കോട് ജില്ലയിൽ വാക്സിനേഷൻ വേഗത്തിലാക്കും; ജില്ലാ കലക്ടര്‍

കോഴിക്കോട്​: ജില്ലയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്കു പുറമെ ഓരോ വാക്‌സിനേഷന്‍ സൻെറര്‍കൂടി ഉടന്‍ തുറക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിർദേശിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേർന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ ഇതുവരെ 9,56,925 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തിട്ടുണ്ട്. ഇതിൽ 7,69,906 പേർ ആദ്യ ഡോസും 1,87,019 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷന്‍ വേഗത്തിലാക്കാനും തിരക്ക് കുറക്കാനുമാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നതിലൂടെ ലക്ഷ്യമിടുന്നത്.

കമ്യൂണിറ്റി ഹാളുകളോ ടൗണ്‍ ഹാളുകളോ ഇതിനായി ഉപയോഗിക്കാം. ഇൻറര്‍നെറ്റ് സൗകര്യം കുറഞ്ഞ പ്രദേശങ്ങള്‍, മത്സ്യത്തൊഴിലാളികളുടെയും പട്ടികജാതി, വർഗവിഭാഗക്കാരുടെയും താമസസ്ഥലം തുടങ്ങിയ ഇടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉറപ്പുവരുത്തും. അധികമായി ഏര്‍പ്പെടുത്തുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ വിന്യസിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ആവശ്യമെങ്കില്‍ മൊബൈല്‍ യൂനിറ്റിലെ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം.

സമ്പര്‍ക്കാന്വേഷണം ശക്തമാക്കാനും കോവിഡ് ലക്ഷണങ്ങളുള്ള 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയും കിടപ്പുരോഗികളെയും ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനും കലക്ടര്‍ നിർദേശിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ അസി. കലക്ടര്‍ മുകുന്ദ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, അഡീ. ഡി.എം.ഒ ഡോ. മോഹന്‍ദാസ് തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button