വന്യമൃഗശല്യം; ഡിസംബർ 19ന് ഫോറസ്റ്റ് ഓഫീസ് മാർച്ചിന് ആഹ്വാനം ചെയ്ത കർഷക സംഘം
തിരുവമ്പാടി: രൂക്ഷമായ വന്യമൃഗാക്രമണങ്ങൾക്കെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 19ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ച് നടത്തും. തിരുവമ്പാടിയിൽ മലയോര മേഖലയിൽ പുലിയടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങി പ്രദേശവാസികൾക്കും കൃഷിയിടങ്ങളിലും വൻ നാശനഷ്ടം വിതയ്ക്കുന്ന സാഹചര്യം നിലനില്കുന്നതിനെ തുടർന്നാണ് പ്രതിഷേധവുമായി സംഘം രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ പുലി, മുള്ളൻ പന്നിയുമായുള്ള മൽപ്പിടുത്തത്തിൽ പരിക്കേറ്റു നടുറോഡിൽ ചത്ത നിലയിൽ കാണപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച കണിയാട് വനത്തിൽ നിന്നും ആന ഇരവത്തിപ്പുഴ കടന്ന് കളരിക്കൽ – മുത്തപ്പൻപുഴ റോഡിലൂടെ നടന്ന് കാട്ടിലേക്ക് പോവുകയും ചെയ്തിരുന്നു.
മറ്റു പ്രദേശങ്ങളിൽ നിന്നും പിടിക്കപ്പെടുന്ന വന്യമൃഗങ്ങളെ വനം വകുപ്പ് മുത്തപ്പൻപുഴ വനമേഖലയിൽ കൊണ്ടുവന്നു വിടുന്നതായും പരാതി ഉയരുന്നുണ്ട്. വന്യമൃഗശല്യം അടിയന്തിരമായി ഇല്ലാതാക്കാനും ജനങ്ങളുടെ ഭീതിയകറ്റാനുമുള്ള നടപടികൾ താമസം കൂടാതെ സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച സംഘം പ്രതിനിധികൾ ആവശ്യപ്പെട്ടു.