Mukkam

എൻ.ഐ.ടി.യിൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം തടഞ്ഞുവെച്ചതായി പരാതി

മുക്കം : വിവാദങ്ങളിൽ കുടുങ്ങിയ കാലിക്കറ്റ് എൻ.ഐ.ടി.യിൽ, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതായി പരാതി. ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി, പ്രമോഷൻ, കേന്ദ്രസർക്കാരിന്റെ ഏഴാം ശമ്പളപരിഷ്കരണ കുടിശ്ശിക എന്നിവ വർഷങ്ങളായി തടഞ്ഞുവെച്ചിരിക്കുന്നതായാണ് പരാതി. ഇരുനൂറിലധികം മുൻജീവനക്കാരുടെ ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ തടഞ്ഞുവെച്ചിരിക്കുന്നത്. വിരമിച്ച ഒരു ജീവനക്കാരി ആശുപത്രിച്ചെലവിനായി തുക ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്നും ആരോപണമുണ്ട്.

വിരമിച്ച ജീവനക്കാർ സ്ഥാപനത്തിലേക്ക് എന്തെങ്കിലും തുക കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിൽ അത് ഈടാക്കാനെന്നപേരിലാണ് പത്തുശതമാനം ഗ്രാറ്റ്വിറ്റി പിടിച്ചുവെച്ചിരിക്കുന്നത്. രണ്ടുവർഷം മുമ്പ് പിരിഞ്ഞവരുടേത്‌ ഉൾപ്പെടെയാണ് ഇത്തരത്തിൽ തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാൽ, ഏത് ഇനത്തിലുള്ള കുടിശ്ശികയാണ് നിലവിലുള്ളതെന്ന് അധികൃതർ അറിയിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. മാത്രമല്ല, 2016 മുതൽ സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ പ്രമോഷൻ കുടിശ്ശിക 2022 ജൂലായ് മുതലേ നൽകുകയുള്ളൂവെന്ന്‌ ഉത്തരവിറക്കിയതായും ജീവനക്കാർ പറയുന്നു.

സേവനത്തിൽനിന്ന് പിരിഞ്ഞ ചിലരുടെ പ്രമോഷൻ കുടിശ്ശികയും തടഞ്ഞുവെച്ചതായും പിരിഞ്ഞ ചിലർക്ക് ഇത് അനുവദിച്ചതായും ജീവനക്കാർ പറയുന്നു. കേന്ദ്രസർക്കാരിന്റെ 2016-ലെ ഏഴാം ശമ്പളപരിഷ്കരണ കുടിശ്ശികയും പിരിഞ്ഞ ജീവനക്കാർക്ക് ഇതുവരെ നൽകിയിട്ടില്ല. എൻ.ഐ.ടി. അധികൃതരുടെ തെറ്റായ നിലപാടിനെതിരേ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് വിരമിച്ച ജീവനക്കാർ.

Related Articles

Leave a Reply

Back to top button