കഴിഞ്ഞ ഏഴര വർഷക്കാലം പഞ്ചായത്ത് തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
കൊടിയത്തൂർ: കഴിഞ്ഞ ഏഴര വർഷക്കാലം സംസ്ഥാനത്ത് പഞ്ചായത്ത് തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപ്പറമ്പ് ചെറുവാടി കാവിലട റോഡ്, കോട്ടമുഴി പാലം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് ചെറുവാടി – കാവിലട റോഡ് 8.07 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് പുനർനിർമ്മിക്കുന്നത്. കാരശ്ശേരി-കൊടിയത്തൂർ റോഡിലെ കാലപ്പഴക്കം ചെന്ന കോട്ടമുഴി പാലം 3.8 കോടി രൂപ ചെലവിലുമാണ് പുനർ നിർമ്മിക്കുന്നത്.
ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടിവ് എഞ്ചിനീയർ സി.എസ് അജിത് റിപ്പോർട്ട് അവതരിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി ജമീല, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി സുഫിയാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടിഹസ്സൻ, ബാബു പൊലുകുന്ന്, മെമ്പർമാരായ ടി.കെ അബൂബക്കർ, ആമിന എടത്തിൽ, മറ്റു രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.