കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി റോഡ് നിർമ്മാണം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരിൽ വിവിധ ആവശ്യങ്ങളുമായി യാത്ര ചെയ്യുന്ന രോഗികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ റോഡ് നിർമ്മിക്കുന്ന കരാറുകാരൻ കരിങ്കല്ലുകൾ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി.
ഒരു പ്രദേശത്തെയാകെ ഒറ്റപ്പെടുത്തിക്കൊണ്ടാണ് റോഡ് നിർമ്മാണം. റോഡ് നിർമ്മാണ കരാറുകാരൻ ലോഡ് കണക്കിന് കല്ലുകളാണ് മുണ്ടൂർ കാലംപാറയ്ക്ക് സമീപം റോഡിന് നടുവിൽ കൂട്ടിയിട്ടിരിക്കുന്നത്. നെല്ലിപ്പൊയിൽ ഷിരോൽപാദക സഹകരണ സംഘത്തിലേക്ക് പാൽ എടുക്കുന്ന വാഹനങ്ങളും, രോഗികളുമായി പോകുന്ന വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ ഈ പ്രദേശത്ത് കുടുങ്ങി.
കണ്ടപ്പഞ്ചാലിൽ മുസ്ലിം പള്ളിക്ക് സമീപം മറ്റൊരു കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ആനക്കാംപൊയിൽ വഴിയുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുന്നു. ഇരുവശത്തേക്കും ഉള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ ഒരു പ്രദേശമാണ് ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്ന് അവധി ദിവസമാണെന്നിരിക്കെ കരാറുകാരന്റെ ഈ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്. റോഡിന് നടുവിൽ കൂട്ടിയിട്ടിരിക്കുന്ന കല്ല് ഗതാഗതത്തിനായി സൈഡിലേക്ക് മാറ്റി റോഡ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.