വന്യമൃഗശല്യം; എടത്തറ ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി
തിരുവമ്പാടി : മലയോരമേഖലയിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മലയോരകർഷകരെ വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന നയമാണ് സർക്കാരുകളുടേതെന്നും പൊതുതിരഞ്ഞെടുപ്പിലൂടെ ജനം പ്രതികരിക്കുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. പറഞ്ഞു. മുന്നണി നിയോജകമണ്ഡലം ചെയർമാൻ എ.എം. അഹമ്മദ്കുട്ടി ഹാജി അധ്യക്ഷനായി.
മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ കെ.ടി. മൻസൂർ, ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ട്, സി.ജെ. ആന്റണി, ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, ഇബ്രാഹിം കൂടത്താഴി, ജോണി പ്ലാക്കാട്ട്, ബോസ് ജേക്കബ്, ജോബി എലന്തൂർ, എം.ടി. അഷറഫ്, സിറാജുദീൻ, അബ്ദു കൊയങ്ങോറൻ, പി.ജി. മുഹമ്മദ്, അലക്സ് തോമസ്, ടി.ജെ. കുര്യാച്ചൻ, മനോജ് വാഴെപറമ്പിൽ, കെ.എം. പൗലോസ്, സണ്ണി കാപ്പാട്ടുമല, ബാബു കളത്തുർ തുടങ്ങിയവർ സംസാരിച്ചു.